ജുന്‍ജുനു-മകള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒളിച്ചോടി പോയതില്‍ കുപിതനായി രണ്ട് പേരെ കൊലപ്പെടുത്തിയ നാല്‍പതുകാരന്‍ അറസ്റ്റില്‍. അനില്‍ജാട്ട് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ മകള്‍ സുമന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കൃഷ്ണ എന്ന യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു.സുമന്‍ തിരിച്ചുവന്നില്ലെങ്കില്‍ അനില്‍ കൃഷ്ണയുടെ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.എന്നിട്ടും മകള്‍ തിരിച്ചുവന്നില്ല.
ഇതില്‍ പ്രകോപിതനായി ഹരിയാനയിലെ മഹേന്ദ്രഘറില്‍ നിന്നും സുമന്റെ നാടായ ജുന്‍ജുനിലെത്തിയ അനില്‍ കൃഷ്ണയുടെ സഹോദരന്‍ ദീപക് (20) സുഹൃത്ത് നരേഷ് (19) എന്നിവരെ കൊല്ലുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. രാത്രിയില്‍ കൃഷ്ണയുടെ വീടിന്റെ മേല്‍ക്കൂര വഴി അകത്തെത്തി വാളുപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലിസ് ഓഫീസര്‍ ദേവേന്ദ്ര പ്രതാപ് അറിയിച്ചു.
നരേന്ദ്ര ജാട്ട് എന്നയാളെയായിരുന്നു സുമന്‍ എന്ന യുവതി വിവാഹം കഴിച്ചത്. എന്നാല്‍ ജൂണ്‍ രണ്ടിന് കൃഷ്ണക്കൊപ്പം ഒളിച്ചോടുകയായിരുന്നു.അനിലിന് നേരത്തെ അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് ഹരിയാന പോലിസ് പറഞ്ഞു.