ദിസ്പൂര്‍- അസമിലെ സൊനിത്പൂര്‍ ജില്ലയില്‍ സ്‌കൂള്‍ അധ്യാപികയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച 35-കാരനെ ആള്‍ക്കൂട്ടം അടിച്ചു കൊലപ്പെടുത്തി. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയ്ക്കു നേരെയാണ് പീഡന ശ്രമം നടന്നത്. രക്ഷസ്മാഡി ഭെല്‍ഗുഡി ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ 26-കാരിയായ അധ്യാപികയാണ് യുവാവിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സ്‌കൂളില്‍ ഈയിടെ പുതുതായി നിയമിതയായ അധ്യാപിക രണ്ടു കിലോമീറ്റര്‍ അകലെയുള്ള താമസസ്ഥലത്തു നിന്ന് തിങ്കളാഴ്ച രാവിലെ കാല്‍നടയായി സ്‌കൂളിലേക്കു വരുന്ന വഴിയാണ് ആക്രമണത്തിനിരയായത്.
രാജന്‍ കുറ എന്നയാള്‍ അധ്യാപികയെ കടന്നുപിടിച്ച് തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ ഭയന്ന അധ്യാപികയുടെ നിലവിളി കേട്ടാണ് സമീപവാസികള്‍ സംഭവസ്ഥലത്ത് ഓടി എത്തിയത്. ഏതാണ്ട് അമ്പതോളം പേര്‍ ചേര്‍ന്നാണ് ആക്രമിയായ രാജനെ പിടികൂടി മര്‍ദ്ദിച്ചത്്. അടിയും തൊഴിയും നന്നായി കൊണ്ട ഇയാളെ വടികളുപയോഗിച്ചൂം ആള്‍ക്കും ആക്രമിച്ചതായി പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ മരിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആരു അറസ്റ്റിലായിട്ടില്ല.
അസമില്‍ ഈയിടെയായി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികമാര്‍ക്കെതിരെ ആക്രമണം നടക്കുന്നത് വര്‍ധിച്ചുവരുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സ്വന്തം നാട്ടില്‍ നിന്നും അകലെയുള്ള സ്‌കൂളുകളില്‍ നിയമിക്കുന്ന അധ്യാപികമാര്‍ സുരക്ഷാഭീഷണി നേരിടുകയാണ്. അപരിചിത സ്ഥലത്ത് വാടകയ്ക്ക് താമസിക്കേണ്ടി വരുന്നതും ഇവര്‍ക്ക് വിനായാകുന്നു.
ഈ മാസം ആദ്യത്തില്‍ മൂന്ന് അധ്യാപികമാര്‍ ലൈംഗികാതിക്രമ പരാതികളുമായി രംഗത്തു വന്നിരുന്നു. സര്‍ക്കാര്‍ സ്‌ക്കൂളില്‍ പുതുതായി എത്തിയ തങ്ങള്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്നും സമീപ പ്രദേശവാസികളില്‍ നിന്നും മോശം പെരുമാറ്റവും മാനഭംഗ ശ്രമങ്ങളും നേരിടേണ്ടി വരുന്നെന്നാണ് ഇവര്‍ പരാതിപ്പെട്ടത്. മേയില്‍ 58-കാരിയായ മറ്റൊരു അധ്യാപിക നഗാവ് ജില്ലയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.