ന്യൂദല്‍ഹി- കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ വെട്ടിലാക്കി സരിത എസ് നായരുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍. വയനാട് മണ്ഡലത്തില്‍ നിന്നുളള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സരിത സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിക്കാന്‍ സരിത നല്‍കിയ നാമനിര്‍ദേശ പത്രിക തളളപ്പെട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സരിത സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം അമേഠിയില്‍ സരിത മത്സരിച്ചിരുന്നു.
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും നാല് ലക്ഷത്തിലേറെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി 2019ല്‍ തെരഞ്ഞെടുക്കപ്പെട്ടത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും എറണാകുളത്ത് ഹൈബി ഈഡന് എതിരെയും മത്സരിക്കാന്‍ സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രണ്ട് പത്രികകളും വരണാധികാരി തളളി.ജനപ്രാതിനിധ്യ നിയമ പ്രകാരം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത എസ് നായരുടെ പത്രിക തളളിയത്. രണ്ട് വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരാകും. സരിത എസ് നായര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ മൂന്ന് വര്‍ഷം തടവിനും 45 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു കേസില്‍ മൂന്ന് വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും സരിതക്ക് ലഭിച്ചിട്ടുണ്ട്.