Sorry, you need to enable JavaScript to visit this website.

എമിറേറ്റ്‌സ് ഇന്ത്യക്കാരുള്‍പ്പെടെ 600 പൈലറ്റുമാരെ പിരിച്ചുവിട്ടു

മുംബൈ- വിമാന കമ്പനിയായ എമിറേറ്റ്‌സ് 600 പൈലറ്റുമാരെ പിരിച്ചുവിട്ടു. ജോലി നഷ്ടമായവരില്‍ ഇന്ത്യക്കാരുമുള്‍പ്പെടുന്നു. വ്യോമയാന രംഗത്തെത്തന്നെ ഏറ്റവും വലിയ പിരിച്ചുവിടലുകളിലൊന്നാണ് ഇത്. ജീവനക്കാരെ പിരിച്ചുവിടുന്നകാര്യം എമിറേറ്റ്‌സ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നെങ്കിലും എത്ര പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് വ്യക്തമാക്കിയിരുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ദീര്‍ഘദൂര വിമാനക്കമ്പനികളിലൊന്നായ എമിറേറ്റ്‌സില്‍ നിന്ന് പുറത്താക്കപ്പെട്ട പൈലറ്റുമാരുടെ എണ്ണം ഇതോടെ 792 ആയി. നേരത്തെ മെയ് 31ന് 180 പൈലറ്റുമാരെ എമിറേറ്റ്‌സ് പുറത്താക്കിയിരുന്നു. പ്രൊബേഷനിലായിരുന്ന ഫസ്റ്റ് ഓഫീസര്‍മാരാണ് ഇപ്പോള്‍ ജോലി നഷ്ടമായ 600 പേരെന്ന് എമിറേറ്റ്‌സ് വ്യത്തങ്ങളെ ഉദ്ധരിച്ച് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. എമിറേറ്റ്‌സ് എ 380 വിമാനങ്ങളിലെ ജീവനക്കാരായിരുന്നു ഇവര്‍.കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിനായി സാധ്യമായ എല്ലാ സാഹചര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നും നിര്‍ഭാഗ്യവശാല്‍, ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ച ചില ആളുകളോട് വിടപറയണം എന്ന നിഗമനത്തിലാണെത്തിയതെന്നും വക്താക്കളിലൊരാള്‍ പറഞ്ഞു. മാത്രമല്ല തൊഴിലാളികളെ സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

Latest News