ജനീവ- ആരോഗ്യ രംഗത്ത് ഏറെ ചോദ്യം ചെയ്യപ്പെടലുകള്‍ വന്നതോടെ രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതര്‍ രോഗം പരത്താന്‍ സാധ്യത കുറവാണെന്ന പ്രസ്താവന തിരുത്തി ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ഡബ്ല്യുഎച്ച്ഒ വക്താവ് ഡോക്ടര്‍ മരിയ കെര്‍ക്കോവ് വിവാദ പ്രസ്താവന നടത്തിയത്.
രോഗലക്ഷണമില്ലാത്തവര്‍ മറ്റുള്ളവരിലേക്ക് രോഗം പരത്താനുള്ള സാധ്യത തീരെ കുറവാണെന്നായിരുന്നു മരിയ കെര്‍ക്കോവ് പറഞ്ഞത്. തന്റെ വാക്കുകള്‍ വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനു ശാസ്ത്രീയ പിന്‍ബലമില്ലെന്നും മരിയ ഇന്നലെ തിരുത്തി. ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രസ്താവനകളിലൂടെ ലോകാരോഗ്യ സംഘടന തെറ്റിദ്ധാരണ പരത്തുകയാണെന്ന് നിരവധി ആരോഗ്യവിദഗ്ധര്‍ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് തിരുത്ത് വന്നിരിക്കുന്നത്.
ലോകത്ത് കോവിഡ് 19 രോഗികളുടെ എണ്ണം 73 ലക്ഷം കവിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ഇപ്പോള്‍ 7,316,820 പേര്‍ക്കാണ് ആകെ കോവിഡ് ബാധിച്ചത്. 413,625 പേര്‍ ഇതുവരെ മരിച്ചു. 3,602,502 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം യുഎസില്‍ 19,056 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,093 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അതിവേഗം കോവിഡ് പടര്‍ന്നു പിടിക്കുന്ന ബ്രസീലില്‍ 31,197 പേര്‍ക്കാണ് പുതുതായി വൈറസ് ബാധിച്ചത്. 1,185 ഇന്നലെ മാത്രം മരണപ്പെട്ടു.