ഭോപ്പാൽ- മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാറിനെ മറിച്ചിട്ടതിന് പിന്നിൽ ബി.ജെ.പി കേന്ദ്ര നേതാക്കളാണെന്ന് അവകാശപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നു. കമൽനാഥിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാറിനെ ജ്യോതിരാദിത്യ സിന്ധ്യയുടെ പിന്തുണയോടെ ബി.ജെ.പി മറിച്ചിടുകയായിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
കോൺഗ്രസിനെ താഴെയിറക്കാൻ തീരുമാനിച്ചത് കേന്ദ്രനേതൃത്വമാണ്. അല്ലായിരുന്നെങ്കിൽ എല്ലാം നശിച്ചേനെയെന്ന് ചൗഹാൻ പറയുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെയും തുൾസി സിലാവത്തിന്റെയും പിന്തുണയില്ലാതെ ഇതു നടപ്പാക്കാൻ കഴിയുമായിരുന്നില്ല. മറ്റു വഴിയില്ലായിരുന്നുവെന്നു പറയുന്നതും ഇതിൽ പറയുന്നുണ്ട്. ഇൻഡോറിലെ സൻവേർ നിയമസഭാ മണ്ഡലത്തിൽ പാർട്ടി പ്രവർത്തകരോടു സംസാരിക്കുമ്പോഴാണു ചൗഹാൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
ആരും നിർബന്ധിക്കാതെ തന്നെ ശിവരാജ് സിങ് ചൗഹാൻ സത്യം തുറന്നു പറഞ്ഞുവെന്നു കോൺഗ്രസ് നേതാവ് നരേന്ദ്ര സാലുജ പറഞ്ഞു. സിന്ധ്യയുടെയും വിശ്വസ്തരുടെയും പിന്തുണയോടെ ബിജെപി മനപൂർവം കമൽനാഥ് സർക്കാരിനെ താഴെയിറക്കുകയായിരുന്നു. മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ വീഴ്ത്താൻ ബി.ജെ.പി കേന്ദ്രനേതൃത്വം ശ്രമിച്ചുവെന്ന സത്യം ഇതോടെ പുറത്തുവന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് കോൺഗ്രസ് സർക്കാർ നിലംപതിച്ചത്.