ന്യൂദല്‍ഹി- ഈ മാസം 19ന് രാജ്യസഭയിലെ 24 സീറ്റിലേക്കുനടക്കുന്ന തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബി.ജെ.പി സഖ്യം കേവലഭൂരിപക്ഷത്തിന് എട്ടുസീറ്റ് മാത്രം പിന്നിലാവും. 245 അംഗ സഭയിലെ നിലവിലെ ഭൂരിപക്ഷസംഖ്യയായ 123നെക്കാള്‍ എട്ടു സീറ്റുമാത്രം പിന്നിലായിരിക്കും ഭരണകക്ഷി.
115 വരെയെങ്കിലും അംഗങ്ങള്‍ ബി.ജെ.പിക്കുണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. ബി.ജെ.ഡി.(9), ടി.ആര്‍.എസ്.(7), വൈ.എസ്.ആര്‍. കോണ്‍ഗ്രസ് (6) പാര്‍ട്ടികളുടെ 22 സീറ്റുകള്‍ നിര്‍ണായകസമയങ്ങളിലെല്ലാം അനുകൂലമായി ലഭിക്കുന്നതിനാല്‍ ബി.ജെ.പി.ക്ക് ഒട്ടും ഭയക്കാനില്ല.
തെരഞ്ഞെടുപ്പുകഴിയുന്നതോടെ ഒമ്പതുസീറ്റുകൂടി നേടി നിലവിലുള്ള 75 സീറ്റില്‍നിന്ന് ബി.ജെ.പി. 84 സീറ്റിലെത്തുമെന്നാണ് സൂചന.
ഇപ്പോഴത്തെ സ്ഥിതിയില്‍ ഗുജറാത്തിലെ നാലില്‍ മൂന്ന്, മധ്യപ്രദേശിലെ മൂന്നില്‍ രണ്ട്, രാജസ്ഥാനിലെ മൂന്നിലൊന്ന്, ജാര്‍ഖണ്ഡ്, മണിപ്പുര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ഒന്നുവീതം സീറ്റുകള്‍ ബി.ജെ.പി.ക്ക് ലഭിക്കും.
പ്രതിപക്ഷത്താകട്ടെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് 39 അംഗങ്ങള്‍. തിരഞ്ഞെടുപ്പുകഴിയുന്നതോടെ ഇത് 37 ആയി ചുരുങ്ങും.