തിരുവനന്തപുരം- കോവിഡ് സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ആനാട് സ്വദേശിയായ യുവാവ് ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ടത് മദ്യം ലഭിക്കാതിരുന്നതിനാലെന്ന് പ്രാഥമിക വിവരം. മദ്യപാനത്തിന് അടിമയായതിനാല്‍ മദ്യം ലഭിക്കാതെ വന്നതിനാലാണ് ചികിത്സ പൂര്‍ത്തിയാകും മുമ്പ് ഇയാള്‍ ആശുപത്രിയില്‍നിന്നു കടക്കാന്‍ ശ്രമം നടത്തിയതത്രെ.
സംഭവത്തില്‍ ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ മെഡിക്കല്‍ കോളേജ് അധികൃതരില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. യുവാവുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തുന്നതിന് സര്‍വയലന്‍സ് ടീം അടിയയന്തര നടപടി ആരംഭിച്ചു കഴിഞ്ഞതായും കോവിഡ് ചികിത്സയിലുള്ളവരുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഉച്ചയോടെ ആയിരുന്നു സംഭവം. ആശുപത്രിയില്‍നിന്നു രക്ഷപ്പെട്ട് ബസില്‍ യാത്ര ചെയ്താണ് ഇയാള്‍ ആനാട് എത്തിയത്. തുടര്‍ന്ന് വീട്ടിലേക്ക് എത്തവേ നാട്ടുകാര്‍ തടഞ്ഞു പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.