Sorry, you need to enable JavaScript to visit this website.

സൈനിക ചര്‍ച്ച നാളെ; അതിര്‍ത്തിയില്‍ ഇന്ത്യന്‍-ചൈനീസ് മിലിട്ടറി സംഘങ്ങള്‍ പിന്‍വാങ്ങുന്നു

ന്യൂദല്‍ഹി- ഇന്ത്യന്‍-ചൈനീസ് സൈനികസംഘങ്ങള്‍ അതിര്‍ത്തികളില്‍ നിന്ന് പരസ്പര ധാരണയോടെ പിന്‍വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കില്‍ നിന്ന് സൈനികരുടെ പിന്മാറ്റം ആരംഭിച്ചുവെന്നാണ് വിവരം. നാളെ സൈനിക മേധാവികള്‍ തമ്മിലുള്ള  ചര്‍ച്ച നടക്കാനിരിക്കെയാണ് നടപടി. അതിര്‍ത്തി പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലാണ് മുതിര്‍ന്ന സൈനിക മേധാവികള്‍ സംഭാഷണത്തിന് ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമെന്നോണം ചൈനീസ് മിലിട്ടറിയുടെ വലിയൊരു വിഭാഗം തര്‍ക്ക പ്രദേശത്ത് നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്. എന്നാല്‍ പാങ്കോങ് മേഖലയില്‍ സാന്നിധ്യം ഇപ്പോഴും തുടരുന്നുണ്ട്. മൂന്നോ നാലോ കി.മീ ദൂരത്തേക്കാണ് സൈന്യം മാറിയത്. ഇന്ത്യന്‍ സൈന്യവും വാഹനങ്ങളും സമാനരീതിയില്‍ പിന്‍വാങ്ങിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

പട്രോളിംഗ് പോയിന്റ് 14 (ഗാല്‍വാന്‍ ഏരിയ), പട്രോളിംഗ് പോയിന്റ് 15, ഹോട്ട് സ്പ്രിംഗ്‌സ് എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഈ ആഴ്ച ഇരു സൈന്യങ്ങളും തമ്മിലുള്ള ചര്‍ച്ച നടക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.ചൈനീസ് സൈനികരുമായി ചര്‍ച്ചയ്ക്കായി ഇന്ത്യന്‍ സൈനിക ടീമുകള്‍ ചുഷുലിലാണ്.ചൈനയുമായുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള അതിര്‍ത്തി പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതായി തിങ്കളാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കിഴക്കന്‍ ലഡാക്കില്‍ മുഖാമുഖം ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ചര്‍ച്ച കഴിഞ്ഞയാഴ്ച നടത്തിയത് പോസിറ്റീവായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 

Latest News