മുംബൈ- റിപ്പബ്ലിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്ക് വീണ്ടും സമന്‍സ് അയച്ച് മുംബൈ പോലിസ്. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 29ന് ടിവി ഷോയിലൂടെ സാമുദായിക സ്പര്‍ധയുണ്ടാക്കിയെന്നാണ് ആരോപണം.
മെയ് 2ന് റാസ വെല്‍ഫയര്‍ എജ്യൂക്കേഷണല്‍ സൊസൈറ്റിയുടെ ഇര്‍ഫാന്‍ അബൂബക്കര്‍ ഷെയ്ഖ് നല്‍കിയ പരാതിയിലാണ് സമന്‍സ്.പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലയുമായി ബന്ധപ്പെട്ടും ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപം ഏപ്രില്‍ 14ന് കുടിയേറ്റ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെ കുറിച്ചും വര്‍ഗീയ വിദ്വേഷവും സാമുദായിക സ്പര്‍ധയും വളര്‍ത്തുന്ന രീതിയില്‍ അര്‍ണബ് സംസാരിച്ചുവെന്ന് ആരോപിച്ചാണ് കേസ്. വിവിധ സംസ്ഥാനങ്ങളില്‍ അര്‍ണബിനെതിരെ നിലവില്‍ ഈ വിഷയത്തില്‍ കേസ് രജിസ്ട്രര്‍ ചെയ്തിട്ടുമുണ്ട്.
പൈതോണി പോലിസ് സ്‌റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ സമന്‍സ് അയച്ചിരിക്കുന്നതെന്ന് മുംബൈ പോലിസ് ഡിസിപി പ്രണയ് അശോക് അറിയിച്ചു.എന്നാല്‍ അദ്ദേഹത്തിന് കണ്ടയ്‌ന്മെന്റ് സോണായതിനാല്‍ പൈതോണി പോലിസ് സ്‌റ്റേഷന് പകരം എന്‍എം ജോഷി മാര്‍ഗ് പോലിസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കി.