ബംഗളൂരു- കര്‍ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസിനു തൊട്ടുതാഴെ ഏറ്റവും മുതിര്‍ന്ന ജഡ്ജായ ജസ്റ്റിസ് ജയന്ത് പട്ടേല്‍ പദവയില്‍ നിന്ന് രാജിവച്ചു. നേരത്തെ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരിക്കെ ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനു തിരിച്ചടിയായി ഇഷ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജസ്റ്റിസ് ജയന്ത് പട്ടേല്‍ തനിക്ക് ചീഫ് ജസ്റ്റിസായി സ്വാഭാവികമായും ലഭിക്കേണ്ട സ്ഥാനക്കയറ്റം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി വച്ചത്.
കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് കെ മുഖര്‍ജി ഒക്ടോബര്‍ ഒമ്പതിനു വിരമിക്കും. ഈ ഒഴിവിലേക്ക് ചീഫ് ജസ്റ്റിസായോ ആക്ടിങ് ചീഫ് ജസ്റ്റിസായോ എത്തേണ്ടത് ജസ്റ്റിസ് പട്ടേല്‍ ആയിരുന്നു. എന്നാല്‍ അദ്ദേഹത്തെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയാണ് ചെയ്തത്.
അലഹാബാദ് ഹൈക്കോടതിയില്‍ ജസ്റ്റിസ് ജയന്തിനു മുകളില്‍ മൂന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ വേറെ ഉണ്ട്. ഇതോടെ അര്‍ഹമായ ചീഫ് ജസ്റ്റിസ് പദവി ലഭിക്കില്ലെന്നു തിരിച്ചറിഞ്ഞാണ് രാജി. ഇഷ്‌റത് ജഹാന്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് ജസ്റ്റിസ് പട്ടേല്‍ ഏറെ ശ്രദ്ധേയനായി മാറിയത്. ജസ്റ്റിന് പട്ടേലിനെ ചീഫ് ജസ്റ്റിസായി നിയമിക്കാത്തതില്‍ കടുത്ത പ്രതിഷേധമറിയിച്ച് ഗുജറാത്ത ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ നേരത്തെ കൊളീജിയത്തിന് കത്തയച്ചിരുന്നു.
രാജ്യത്തെ ഏറ്റവും നിഷ്പക്ഷനായ ജഡ്ജിമാരില്‍ ഒരാളായാണ് ജസ്റ്റിസ് പട്ടേലിനെ നിയമവിദഗ്ധര്‍ വിലയിരുത്തുന്നത്. മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ ഇക്കാര്യം ഒരു ലേഖനത്തില്‍ ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇഷ്‌റത് ജഹാന്‍ കേസിലെ നാലു കൊലപാതകങ്ങളെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനുള്ള പ്രതികാരമായാണ് ജസ്റ്റിസ് ജയന്ത് പട്ടേലിന്റെ സ്ഥാനക്കയറ്റം തടയുന്നതെന്ന ആരോപണം വിവിധ കോണുകളില്‍ നിന്നുയര്‍ന്നിട്ടുണ്ട്. 2016 ഫെബ്രുവരി 13-നാണ് ജസ്റ്റിസ് പട്ടേല്‍ കര്‍ണാക ഹൈക്കോടതി ജഡ്ജായി സ്ഥാനമേറ്റത്.