കൊല്‍ക്കത്ത-പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) സ്വീകരിച്ച നിലപാട് പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രാഷ്ട്രീയ അഭയാര്‍ഥിയാക്കി മാറ്റുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വെര്‍ച്വല്‍ റാലിയില്‍ പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മമതാ ബാനര്‍ജിയുടെ കൊറോണ എക്‌സ്പ്രസ് പരാമാര്‍ശം തൃണമൂല്‍ കോണ്‍ഗ്രസിനു പുറത്തേക്കുള്ള വഴിയാകുമെന്ന് അമിത് ഷാ പറഞ്ഞു. തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ ഏറ്റെടുത്തു കൊള്ളാന്‍ മമത കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന് മറുപടി നല്‍കുകയായിരുന്നു ആഭ്യന്തര മന്ത്രി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതയുടെ ആഗ്രഹം പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
കുടിയേറ്റ തൊഴിലാളികളുമായി ബംഗാളിലേക്കുവന്ന പ്രത്യേക ശര്‍മിക് ട്രെയിനുകളെ കൊറോണ എക്‌സ്പ്രസ് എന്നുവിളിച്ച മമത തൊഴിലാളികളെ അവഹേളിക്കുകയാണ് ചെയ്തതെന്ന് അമിത് ഷാ ആരോപിച്ചു. ആക്ഷേപ പരാമര്‍ശത്തിലൂടെ മുറിവില്‍ ഉപ്പുപുരട്ടിയത് തൊഴിലാളികള്‍ ഒരിക്കലും മറക്കില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തെ ബംഗാള്‍ സര്‍ക്കാരിന്റെ പ്രകടനത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ അമിത്ഷാ മുഖ്യമന്ത്രിയെ മമതയെ വെല്ലുവിളിച്ചു. കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന കൃഷക് സമ്മാന്‍ നിധി യോജനയിലേക്ക് കര്‍ഷകരുടെ പേരുകള്‍ മമതാ സര്‍ക്കാര്‍ നല്‍കയില്ലെന്ന് ആഭ്യന്തര മന്ത്രി ആരോപിച്ചു.
പൗരത്വ ഭേദഗതി നിയമത്തെ പാര്‍ലമെന്റിലും റാലികള്‍ നടത്തി റോഡുകളിലും മമതാ ബാനര്‍ജി എതിര്‍ത്തു. മതുവ, നാമസുദ്ര സമുദായങ്ങളും ബംഗ്ലാദേശില്‍നിന്നുള്ള ബംഗാളി സഹോദരങ്ങളും എന്തു ദ്രോഹമാണ് മമതയോട് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. പൗരത്വം നേടാനുള്ള അവരുടെ അവകാശത്തെ എന്തുകൊണ്ടാണ് നിങ്ങള്‍ എതിര്‍ക്കുന്നത്. നിയമത്തെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മമത കൃത്യമായി വ്യക്തമാക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് യോജന ബംഗാളില്‍ നടപ്പിലാക്കാന്‍ അനുവദിക്കാത്തതിനെയും അമിത് ഷാ ചോദ്യം ചെയ്തു. രാജ്യത്തെ 50 കോടി ജനങ്ങള്‍ക്ക് മോഡിയുടെ ആയുഷ്മാന്‍ ഭാരത് യോജനയുടെ നേട്ടം ലഭിക്കുന്നുണ്ട്. ഓരോ വ്യക്തിയുടെയും ചികിത്സാ ചെലവിന്റെ അഞ്ച് ലക്ഷം രൂപയാണ് കേന്ദ്രം വഹിക്കുന്നത്. സംസ്ഥാനത്ത് മോഡിജിയുടെ പ്രശസ്തി വര്‍ധിക്കുമെന്ന് ഭയപ്പെടുന്ന മമതാ ബാനര്‍ജി ഇത് നടപ്പിലാക്കാന്‍ അനുവദിക്കുന്നില്ലെന്നും അതുകൊണ്ട് ബംഗാളിലെ ജനങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ബംഗാളിലെ പാവങ്ങള്‍ക്ക് ചികിത്സക്ക് അവകാശമുണ്ടോ ഇല്ലയോ എന്ന് മമത വ്യക്തമാക്കണം. ദല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ സര്‍ക്കരടക്കം രാജ്യത്ത് മുഴുവന്‍ നടപ്പിലാക്കിയ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് യോജന.
പല പ്രശ്‌നങ്ങളിലും രാഷ്ട്രീയമുണ്ടാകാം. എന്നാല്‍ ജനങ്ങളെ അവകാശങ്ങള്‍ നേടുന്നതില്‍നിന്ന് എന്തിനു തടയുന്നുവെന്ന് അമിത് ഷാ ചോദിച്ചു.