ന്യൂദല്‍ഹി- പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐക്ക് രഹസ്യങ്ങള്‍ ചോർത്തി നല്കിയ പ്രതിരോധ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. വികാസ് കുമാര്‍(29), ചിമല് ലാല്‍(22) എന്നിവരെ സൈനിക ഇന്റലിജൻസും രാജസ്ഥാന് പോലീസും ചേര്‍ന്നാണ് പിടികൂടിയത്.
രാജസ്ഥാനിലെ ശ്രീഗംഗാനഗറിന് സമീപമുള്ള സൈന്യത്തിന്റെ ആയുധ ശേഖര ഡിപ്പോയിലെ ജീവനക്കാരനാണ് വികാസ് കുമാര്‍. സൈന്യത്തിന് മഹാജന് ഫീല്‍ഡ് ഫയറിംഗ് റേഞ്ചിലെ ജീവനക്കാരനാണ് ചുമന് ലാല്‍.
സൈനിക ഇന്റലിജൻസ് ബ്യൂറോ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഐ.എസ്.ഐക്ക് ഇരുവരും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. 2019 ഓഗസ്റ്റിലാണ് ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്.
അനുഷ്ക്ക ചോപ്ര എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനാണ് വികാസ് കുമാര്‍ വിവരങ്ങള്‍ കൈമാറിയത്. ഇന്ത്യക്കാരിയാണെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിച്ചതിനു ശേഷമാണ് വിവരം ചോര്‍ത്തിയത്.
സൈനിക രഹസ്യങ്ങള്‍, ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, ഫയറിംഗ് പരിശീലനത്തിനായി വരുന്ന യൂണിറ്റുകളുടെ വിവരങ്ങള്‍, ആയുധങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ എന്നിവയെല്ലാമാണ് പാക് ചാരസംഘടനക്ക് കൈമാറിയത്.