ന്യുയോര്‍ക്ക്- ചിത്രം ഉയര്‍ത്തിക്കാട്ടി പാക്കിസ്ഥാന് യു.എന്നില്‍ ഇന്ത്യയുടെ തിരിച്ചടി. ദക്ഷിണേഷ്യയിലെ തീവ്രവാദത്തിന്റെ മാതാവ് ഇന്ത്യയാണെന്ന പാക്കിസ്ഥാന്റെ ആരോപണത്തിനുള്ള മറുപടിയാണ് ഐക്യരാഷ്ട്രസംഘടനാ പൊതുസഭയില്‍ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥ പൗലോമി ത്രിപാഠി നല്‍കിയത്.
തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കശ്മീരിയായ ഇന്ത്യന്‍ പട്ടാള ഓഫിസര്‍ ഉമര്‍ ഖയാസിന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയാണ് പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ തെളിവുകള്‍ പൗലോമി വെളിപ്പെടുത്തിയത്. പാക്കിസ്ഥാന്റെ ചെയ്തികള്‍ തുറന്നുകാട്ടുന്ന യഥാര്‍ഥ ചിത്രങ്ങളാണു താന്‍ കാട്ടുന്നതെന്നും വിവാഹച്ചടങ്ങിനിടെ തട്ടിക്കൊണ്ടുപോയി ക്രൂരമായാണ് ലഫ്. ഉമര്‍ ഖയാസിനെ പാക്ക് പിന്തുണയുള്ള ഭീകരര്‍ വധിച്ചതെന്നും പൗലോമി പറഞ്ഞു.
അതിര്‍ത്തിക്കപ്പുറത്തുനിന്നു കടന്നുവരുന്ന ഭീകരതയുടെ ദുരന്തം കശ്മീര്‍ ജനത ഓരോ ദിവസവും അനുഭവിക്കുകയാണ്. ഇതു മറച്ചുവെക്കാനാണു പാക്കിസ്ഥാന്‍ കള്ളപ്രചാരണത്തിലൂടെ ശ്രമിക്കുന്നതെന്ന് പൗലോമി പറഞ്ഞു. കൊല്ലപ്പെട്ട കശ്മീരിയെന്ന് തെറ്റിദ്ധരിപ്പിച്ച് പാക്കിസ്ഥാന്‍ സ്ഥാനപതി മലീഹ ലോധി പലസ്തീനി പെണ്‍കുട്ടിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയതിന്റെ പൊള്ളത്തരം വ്യക്തമാക്കുന്ന രണ്ടാമത്തെ ചിത്രവും പൗലോമി ഉയര്‍ത്തിക്കാട്ടി.