ന്യൂദൽഹി- ഇന്ത്യൻ അതിർത്തിയിൽ ചൈന കടന്നുകയറിയിട്ടുണ്ടോ എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കവിത ചൊല്ലേണ്ട സമയമല്ലെന്നും എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത മന്ത്രിക്കുണ്ടെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഇതേ കാര്യം ചോദിച്ച രാഹുലിനെ കവിത ചൊല്ലിയായിരുന്നു രാജ്‌നാഥ് സിംഗ് മറുപടി പറഞ്ഞത്. 'കൈ വേദനിക്കുന്നുണ്ടെങ്കിൽ മരുന്ന് വെക്കാം, എന്നാൽ കൈ തന്നെയാണ് വേദനയെങ്കിൽ എന്ത് ചെയ്യാനാണ് എന്ന ഉറുദു കവിതയായിരുന്നു രാഹുലിന് മറുപടിയായി രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചത്. തുടർന്നാണ് രാജ്‌നാഥ് സിംഗിനോട് അതിർത്തിയെ കുറിച്ച് രാഹുൽ ചോദ്യമുന്നയിച്ചത്. കൈ ചിഹ്നത്തെക്കുറിച്ചുള്ള ചർച്ച കഴിഞ്ഞെങ്കിൽ അതിർത്തി ചൈന കൈവശപ്പെടുത്തിക്കഴിഞ്ഞോ എന്ന് പറഞ്ഞ് തരൂ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.