ന്യൂദൽഹി- കുടിയേറ്റ തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് പതിനഞ്ച് ദിവസത്തിനകം പറഞ്ഞയക്കണമെന്ന് സുപ്രീം കോടതി. ലോക്ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ട് കുടിയേറ്റ തൊഴിലാളികളുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കുന്നത് സംസ്ഥാന സർക്കാറുകൾ ആലോചിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. കുടിയേറ്റ തൊഴിലാളികളുടെ വിവരം ശേഖരിക്കാനും തൊഴിലാളികൾക്ക് അവരുടെ കഴിവുകൾ അനുസരിച്ചുള്ള തൊഴിൽ ലഭ്യമാക്കാനുളള പദ്ധതി ആവിഷ്‌കരിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു.
കോവിഡ് പ്രതിസന്ധിയിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ അവരവരുടെ സ്ഥലങ്ങളിലേക്ക് മടക്കി അയക്കാൻ കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്ക് 15 ദിവസത്തെ സമയം നൽകാമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ജൂൺ ഒൻപതിന് ഇറക്കാമെന്നായിരുന്നു ജസ്റ്റീസുമാരായ അശോക് ഭൂഷൻ, സഞ്ജയ് കിഷൻ കൗൾ, എം.ആർ ഷാ എന്നിവർ ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നത്.
കുടിയേറ്റ തൊഴിലാളികളുടെ ദുരിത പലായനം സംബന്ധിച്ച വിഷയത്തിൽ സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതി നടപടി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും വിവിധ സംഘടനകളുടെയും വാദം കേട്ട ശേഷമായിരുന്നു പതിനഞ്ച് ദിവസത്തെ സമയം തൊഴിലാളികളെ മടക്കി അയക്കാൻ അനുവദിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകി. തൊഴിലാളികൾക്കായി സംസ്ഥാന സർക്കാരുകൾ തൊഴിൽ അവസരങ്ങൾ ഉൾപ്പടെ എന്തെല്ലാം ആശ്വാസ നടപടികൾ സ്വീകരിക്കുന്നുണ്ട് എന്നതിന്റെ വിശദ വിവരം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
കുടിയേറ്റ തൊഴിലാളികളെ മടക്കി അയക്കുന്നതിനുള്ള ചെലവ് വഹിക്കാൻ സാധിക്കില്ലെന്ന് കേരളം വ്യക്തമാക്കിയിരുന്നു. പ്രളയവും മറ്റ് പ്രശ്‌നങ്ങളും കാരണം ഇതിനുള്ള സാമ്പത്തിക ചെലവ് ഏറ്റെടുക്കാനാകില്ലെന്നാണ് കേരളം വ്യക്തമാക്കിയത്. ഈ വിഷയത്തിൽ കേരളം ചെലവ് വഹിക്കേണ്ടതില്ലെന്നും തൊഴിലാളികൾ എത്തിച്ചേരുന്ന സംസ്ഥാനമാണ് യാത്രച്ചെലവ് വഹിക്കേണ്ടതെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. എന്തു തന്നെയായാലും തൊഴിലാളികൾ പണം മുടക്കേണ്ടി വരരുതെന്ന് കോടതി നിർദേശിച്ചു.
തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിൽ എത്തിക്കുന്നതിനായി ജൂൺ മൂന്ന് മുതൽ 4.228 ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തി. 57 ലക്ഷം തൊഴിലാളികൾ വിവിധ ട്രെയിനുകളിലായി ഇത്തരത്തിൽ വീടുകളിലേക്ക് യാത്ര തിരിച്ചെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ധരിപ്പിച്ചു. 41 ലക്ഷത്തോളം തൊഴിലാളികൾ റോഡ് മാർഗവും സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങി. ഒരു കോടിയിലധികം തൊഴിലാളികൾ വിവിധ നഗരങ്ങളിൽ നിന്നായി അവരവരുടെ സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇനിയെത്ര തൊഴിലാളികൾ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് ജസ്റ്റീസ് അശോക് ഭൂഷൻ ചോദിച്ചു. അക്കാര്യം സംസ്ഥാനങ്ങൾക്ക് മാത്രമേ വ്യക്തമാക്കാൻ കഴിയൂ എന്ന് സോളിസിറ്റർ ജനറൽ മറുപടി നൽകി. 171 ട്രെയിനുകൾ കൂടി ഇനി ഇതിനായി സർവീസ് നടത്തേണ്ടതുണ്ട്. ഭരണപരമായ കാരണങ്ങൾ സംസ്ഥാന സർക്കാരുകൾ പ്രത്യേക തീയതിയിൽ ട്രെയിനുകൾ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളം ജൂൺ എട്ടിനും കർണാടക ജൂൺ ആറിനും ട്രെയിനുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിലാളികളുടെ പേരിലുള്ള കേസുകൾ ഒഴിവാക്കണമെന്നു മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗാണ് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ തന്നെ ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. തൊഴിലാളികളുടെ രജിസ്‌ട്രേഷൻ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും നടപടിക്രമങ്ങൾ കുറച്ചു കൂടി ലളിതമാക്കണമെന്നും തൊഴിലാളികൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഇതുവരെ രജിസ്‌ട്രേഷൻ ചെയ്യാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.