ന്യൂയോർക്ക്- അമേരിക്കയിൽ കറുത്ത വംശജനായ ജോർജ് ഫ്‌ളോയ്ഡിനെ പോലീസ് കഴുത്ത് ഞെരിച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ മിനിയപൊളിസിലെ പോലീസ് വകുപ്പ് പിരിച്ചുവിടാൻ തീരുമാനം. ജോർജ് ഫ്‌ളോയ്ഡിനെ ആക്രമിച്ച പൊലീസുകാർ ഉൾപ്പെടുന്ന മിനിയപൊളിസ് വകുപ്പ് പിരിച്ച് വിട്ട് പുനസംഘടിപ്പിക്കാനാണ് തീരുമാനം. നഗരസഭ കൗൺസിലർമാരിലെ ഭൂരിപക്ഷ അഭിപ്രായത്തെ തുടർന്നാണ് പൊതു സുരക്ഷയ്ക്കായി നടപടി കൗൺസിൽ സ്വീകരിക്കുന്നത്. സാമൂഹ്യ സുരക്ഷയ്ക്കായി കൂടുതൽ പുതിയ പൊതു വ്യവസ്ഥ പുനർനിർമിക്കാൻ ഒരുങ്ങുകയാണെന്ന് മിനിയപൊളിസ് കൗൺസിൽ പ്രസിഡന്റ് ലിസ ബെൻഡർ അറിയിച്ചു. നിലവിലെ പോലീസ് സംവിധാനത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് ഉറപ്പുള്ളതിനാലാണ് പിരിച്ചു വിട്ട് പുനസംഘടിപ്പിക്കാൻ ഒരുങ്ങുന്നതെന്ന് അലോൻഡ്ര കാനോ ട്വീറ്റ് ചെയ്തു.