ന്യൂദൽഹി- വന്ദേഭാരത് മിഷന്റെ ഭാഗമായി സർവ്വീസ് നടത്തുന്ന എയർഇന്ത്യ വിമാനങ്ങൾ ടിക്കറ്റ് നിരക്ക് സാധാരണ നിലയിൽ നിന്നുള്ളതിനേക്കാൾ ഇരട്ടിയാക്കിയത് പ്രവാസി ഇന്ത്യക്കാരെ ദുരിതത്തിലാഴ്ത്തുന്നതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഗൾഫ് മേഖലയിൽ പ്രത്യേകിച്ച് സൗദിഅറേബ്യയിൽ നിന്നുള്ള പ്രാവാസികൾ നിരക്ക് വർധന കാരണം പ്രയാസമനുഭവിക്കുന്നതായി കാണിച്ച് നിരവധിപേരാണ് തന്നെ ബന്ധപ്പെടുന്നതെന്നും നിരക്ക് വർധന പിൻവലിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും എംപി പറഞ്ഞു. ആവശ്യമുന്നയിച്ച് അദ്ദേഹം കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിക്ക് കത്തയച്ചു. നേരത്തെ 950 സൗദി റിയാൽ ചാർജ് ചെയ്തിരുന്ന ദമാംകൊച്ചി യാത്രയ്ക്ക് നിരക്ക് 1703 സൗദി റിയാലാണ് നിലവിൽ ചാർജ് ചെയ്യുന്നത്. കോവിഡ് പ്രതിസന്ധിയിൽ ജോലിയടക്കം നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളിൽ നിന്ന് കൊള്ളലാഭം കൊയ്യുന്നത് മനുഷ്യത്വ വിരുദ്ധമായ നടപടിയാണന്നു അദ്ദേഹം പറഞ്ഞു. വ്യോമയാന മന്ത്രാലയം വിഷയത്തിൽ ഇടപെടണമെന്നും പ്രവാസികൾക്ക് നീതി ഉറപ്പാക്കണമെന്നും എംപി മന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.