ന്യൂദല്‍ഹി- മാധ്യമങ്ങളും മധ്യവര്‍ഗവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരാധകരാണെന്നും അതിനാല്‍ ഒരു കഷണ്ടിക്കാരന് ചീപ്പ് വില്‍ക്കാന്‍ മോഡിക്ക് അനായാസേന സാധിക്കുമെന്നും അരുന്ധതീ റോയ്. തന്റെ കഷണ്ടിത്തലയില്‍ അയാള്‍ ചീപ്പു കോതിക്കൊണ്ടേയിരിക്കും. വാണിജ്യരംഗത്തും മാധ്യമ രംഗത്തും ഭീതി നിലനില്‍ക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കോവിഡ് മഹാമാരിമൂലം ജനം നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളെയും വര്‍ഗീയ ആഖ്യാനങ്ങളിലൂടെ വഴിതിരിച്ചുവിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെയെല്ലാം എതിര്‍ത്ത് സംസാരിക്കുന്ന ഏക പ്രതിപക്ഷ നേതാവ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാത്രമാണെന്നും അദ്ദേഹത്തിന് വേണ്ട രീതിയിലുള്ള പിന്തുണ ലഭിക്കുന്നില്ലെന്നും അരുന്ധതി കൂട്ടിച്ചേര്‍ത്തു. സ്‌റ്റോപ് ദി വാര്‍ കോയലിഷന്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യത്ത് ഈ ദുര്‍ഘടാവസ്ഥയെ നല്ല രീതിയില്‍ നേരിട്ട കേരളത്തെ പോലുള്ള സംസ്ഥാനങ്ങളുണ്ടെന്നും അരുന്ധതി ചൂണ്ടിക്കാട്ടി.
നിങ്ങള്‍ മിണ്ടാതിരുന്നില്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന സ്ഥിതി വിശേഷമാണ്. അതിനാല്‍ പലരും മിണ്ടാതിരിക്കുകയാണ്. ആകെ രാഹുല്‍ ഗാന്ധി മാത്രമാണ് പ്രതിപക്ഷത്തുനിന്ന് മോഡിക്കെതെിരേ സംസാരിക്കുന്നത്. രാഷ്ട്രീയക്കാരാവട്ടെ, ഉദ്യോഗസ്ഥരാവട്ടെ, വ്യവസായികളാകട്ടെ, എല്ലാവരുടെയും തലച്ചോറിനെ ഭീതി മരവിപ്പിച്ചിരിക്കുകയാണ്. അവരിലാരെങ്കിലും വായ തുറക്കുന്ന നിമിഷം അവര്‍ ദയയേതുമില്ലാതെ വേട്ടയാടപ്പെടും. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പേര് പറഞ്ഞ് വിദ്യാഭ്യാസ രംഗം വരെ സ്വകാര്യവത്കരിച്ചതായും ദളിതരും പാവപ്പെട്ടവരും ഇതിനെല്ലാം പുറത്താവുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.