കൊല്‍ക്കത്ത- പശ്ചിമബംഗാളില്‍ കോവിഡ് ലോക്ക്ഡൗണ്‍ ജൂണ്‍ മുപ്പത് വരെ നീട്ടി സര്‍ക്കാര്‍. ജൂണ്‍ 15ന് അവസാനിക്കാനിരുന്ന ലോക്ക്ഡൗണ്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചത്. പത്ത് പേര്‍ക്ക് മാത്രമായിരുന്നു നേരത്തെ വിവാഹ,മരണാനന്തര ചടങ്ങുകളിലും പൊതുപരിപാടികളിലും പങ്കെടുക്കാന്‍ അനുവാദം നല്‍കിയിരുന്നുള്ളൂ. ഇത് ഇരുപത്തിയഞ്ചാക്കി ഉയര്‍ത്തിയിട്ടുണ്ട്.നേരത്തെ ജൂണ്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.ബംഗാളിന് പുറമേ മിസോറം സര്‍ക്കാരും രണ്ടാഴ്ച്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടി.
കഴിഞ്ഞയാഴ്ച മണിപ്പൂര്‍ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ നീട്ടിയിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടുന്നത് വൈറസ് ബാധയില്‍ നിന്ന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന ഒരു പ്രതിരോധ നടപടിയാണെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ഒരു മാധ്യമസമ്മേളനത്തില്‍ വിശേഷിപ്പിച്ചിരുന്നു.