Sorry, you need to enable JavaScript to visit this website.

വർഗീയ വിഷം ചീറ്റുന്ന മേനകാ ഗാന്ധി

മലപ്പുറത്തിനെതിരെ നല്ല ഭാഷയിൽ പുലഭ്യം പറഞ്ഞ, നല്ല തറവാട്ടിൽ ജനിച്ചതെങ്കിലും വർഗീയ ഭ്രാന്തിന് കേളിപെറ്റ മേനക - സഞ്ജയ് ഗാന്ധി ജയിച്ചു വന്നത് യു.പിയിലെ സുൽത്താൻപുർ മണ്ഡലത്തിൽ നിന്നാണ്. കഴിഞ്ഞ തവണ വോട്ടഭ്യർഥിച്ച കൂട്ടത്തിൽ അവർ പരസ്യമായി മുസ്‌ലിം വോട്ടർമാർക്ക് മുന്നറിയിപ്പ് നൽകി, തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ പിന്നെ തന്റെയടുത്തേക്ക് ഒരു മുസ്‌ലിമും ഒരു കാര്യത്തിനും വന്നുപോകരുതെന്ന്.


 അവർക്ക് വരുൺ എന്നൊരു മകനുണ്ട്. അദ്ദേഹം പത്ത് വർഷം മുമ്പ്  യു.പി യിലെ തന്നെ പീലിഭട്ട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഹിന്ദുക്കൾക്കെതിരെ തിരിയുന്ന മുസ്‌ലിംകളുടെ കൈ വെട്ടണം എന്ന് പ്രസംഗിച്ചിരുന്നു. 'മലപ്പുറത്തെ കാക്കമാർ' മുസ്‌ലിംകളിതര മതസ്ഥരുടെ കൈകൾ വെട്ടുന്നവരാണെന്ന് മേനക എ.എൻ.ഐയോട് പറഞ്ഞത് 2009 ലെ വരുണിന്റെ പ്രസംഗം ഓർത്തിട്ടാണോ എന്തോ. ഏതായാലും അമ്മയും മകനും പറഞ്ഞതിൽ ഉറച്ചുനിന്നവരാണ്. കാരണം, നെഹ്‌റുവിന്റെ പാരമ്പര്യമൊക്കെ ഉണ്ടെങ്കിലും രാഷ്ട്രീയത്തിൽ മുസ്‌ലിം വിരോധത്തിന്റെ അരക്കല്ലിൽ ഉരച്ചെടുത്ത ചീനിമുളകിന്റെ കൂട്ടാണ് രണ്ടിനും പഥ്യം.  


ഇന്ത്യയിലെ 739 ജില്ലകളിൽ ഏറ്റവും ഹിംസാത്മകമായ ജില്ലയാണ് മലപ്പുറം പോലും. മലപ്പുറത്തെ പഞ്ചായത്തുകൾ റോഡിലാകെ വിഷം വിതറിക്കൊണ്ട് പക്ഷികളെയും നായ്ക്കളെയും മറ്റു മൃഗങ്ങളെയും കൊന്നൊടുക്കുന്നുവത്രേ. രാഷ്ട്രീയ വിരോധം കാരണം മനുഷ്യരുടെ കൈവെട്ടുന്നുവെന്ന്. പ്രതിദിനം മൂന്ന് ആനകൾ കൊല്ലപ്പെടുന്നു  -ഇതൊക്കെയാണ് ആ വായിലൂടെ ലോകം കേട്ട നുണകൾ.
1980 കളിലെ ഒരു ലക്കം ഓർഗനൈസറിൽ മലപ്പുറത്തിന്റെ ഭീകര മുഖം വരച്ചുകാട്ടുന്നുണ്ട്. ഹിന്ദുക്കളെ മതം മാറ്റുന്ന, മതം മാറാത്തവരെ പീഡിപ്പിക്കുന്ന, അമ്പലങ്ങൾ നശിപ്പിക്കുന്ന, സൗദി അറേബ്യയിൽ ഉള്ളതിനേക്കാൾ പള്ളികളുള്ള ഒരിടം, അതാണ് ആർ.എസ്.എസ് മുഖപത്രം സചിത്രമായി കൊടുത്ത മലപ്പുറം എന്ന 'മിനി പാക്കിസ്ഥാ'ന്റെ വിശേഷണങ്ങൾ.
മലപ്പുറം ജില്ലാ രൂപവൽക്കരണം സംബന്ധിച്ച് 1960 ൽ തന്നെ മങ്കട എം.എൽ.എ ആയിരുന്ന അഡ്വ. പി. അബ്ദുൽ മജീദ് നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചതുമായിരുന്നു. 1969 ജൂൺ 16 ന് ജില്ല യാഥാർഥ്യമാകുന്നതിന് മുമ്പ് രാജ്യമൊട്ടുക്കും വ്യാപക പ്രതിഷേധങ്ങൾ അരങ്ങുതകർത്തു. മുഖ്യമായും ഇന്നത്തെ സംഘ് പരിവാർ ശക്തികൾ തന്നെയായിരുന്നു ജില്ലാ വിരുദ്ധ സമരത്തിന്റെ മുൻപന്തിയിൽ. കേരള ഗാന്ധി എന്നറിയപ്പെട്ട കെ. കേളപ്പൻ ജില്ലാ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തു. ദേശീയ മുസ്‌ലിംകൾ എന്നറിയപ്പെട്ട ഇ. മൊയ്തു മൗലവി, വി.എ. ആസാദ്, ആര്യാടൻ മുഹമ്മദ് എ്ന്നിവരൊക്കെ മലപ്പുറം ജില്ലക്കെതിരായ സമരത്തിലെ സജീവ പങ്കാളികളായിരുന്നു.  


എതിർപ്പുകൾക്ക് നടുവിലാണ് ലീഗിന് നിർണായക പങ്കാളിത്തമുണ്ടായിരുന്ന രണ്ടാം ഇ.എം.എസ് മന്ത്രിസഭ മലപ്പുറം ജില്ല രൂപീകരിച്ചത്.  
ഈയിടെ തലമുതിർന്ന ബി.ജെ.പി നേതാവും പാർലമെന്റേറിയനും ഇന്ത്യയുടെ വിദേശ നയം രൂപീകരിക്കുന്നതിൽ പങ്കു വഹിക്കുകയും ചെയ്ത സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടത് മലപ്പുറം ജില്ലയെ കേന്ദ്ര സേനയുടെ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നാണ്. എന്നിട്ട് കുപ്രസിദ്ധമായ അഫ്സ്പ നിയമം നടപ്പാക്കണമെന്നാണ്. ഇവർ വെറുതെ പറയുകയാണെന്ന് നമ്മൾ കരുതരുത്. 
ഇന്ത്യയിലെ ഉന്നത കലാലയമായ അലീഗഢ് മുസ്‌ലി യൂനിവേഴ്സിറ്റിയിൽ 2016 ൽ, മാസങ്ങൾ നീണ്ടുനിന്ന കലാപത്തിന് കാരണം സ്വാമിയുടെ ഒരു ട്വീറ്റാണ്. ഈ കലാലയത്തെ ഒരു പാഠം പഠിപ്പിക്കാൻ ഇവിടാരുമില്ലേ എന്ന് ട്വീറ്റ് ചെയ്തതിന്റെ പിറ്റേന്ന് യൂനിവേഴ്‌സിറ്റി ആക്രമിക്കപ്പെടുകയും ഏതാനും മാസങ്ങൾ മുപ്പതിനായിരം കുട്ടികൾ പഠിക്കുന്ന കാമ്പസ് അടച്ചിടേണ്ടി വരികയും ചെയ്തു.


 ഇതേ നാണയത്തിൽ മലപ്പുറത്തോ കേരളത്തിലോ പ്രതികരണങ്ങൾ രൂപപ്പെടാത്തത് കേരളം നവോത്ഥാനത്തിന്റെ മണ്ണായതുകൊണ്ടാണ്. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യനും ആകുന്നതിന് മുമ്പ് ഇവിടെയുള്ളവർ  മനുഷ്യരാകുന്നുണ്ട്. എങ്കിലും അഖിലേന്ത്യാ തലത്തിൽ അനുകൂല തരംഗങ്ങൾ സൃഷ്ടിക്കാൻ ഇജ്ജാതി ജൽപനങ്ങൾക്ക് സാംഗത്യമുണ്ട്. സന്ദീപ് വാര്യരെന്ന കേരളത്തിലെ സംഘി വക്താവ് മലപ്പുറത്തിനെതിരെ ഹാഷ് ടാഗിട്ടു. മലപ്പുറത്ത് ആന കൊല്ലപ്പെട്ടത് ഇന്ത്യൻ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് മന്ത്രി പ്രകാശ് ജാവദേക്കർ ദ്വയാർത്ഥത്തിൽ ട്വീറ്റ് ചെയ്തു. 
വരുൺ ഗാന്ധി അടക്കമുള്ള ആർ.എസ്.എസ് ട്വീറ്റുകളിൽ പറയുന്നത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് ആനയെ കൊന്നത് ആന ഹിന്ദുക്കളുടെ പുണൃമൃഗമായതിനാൽ കരുതിക്കൂട്ടിയാണെന്നൊക്കെയാണ്. ജന്മഭൂമി മേനകയെ ന്യായീകരിക്കുന്ന വാർത്ത കൊടുത്തിട്ടുണ്ട്.


ചുരുക്കത്തിൽ ഒരു കള്ളം എങ്ങനെ തങ്ങളുടെ അജണ്ടകളുടെ പോഷണത്തിന് നീചമായി ഉപയോഗിക്കാമെന്ന ഗീബൽസിയൻ തന്ത്രം തന്നെയാണ് ഇവിടെ നടക്കുന്നത്. ഹിറ്റ്‌ലർ അധികാരത്തിലേക്ക് കുതിച്ചുചാട്ടം നടത്തിയത് പാർലമെന്റിന് തീ കൊടുത്തുകൊണ്ടാണ്. 1933 ൽ രാഷ്ട്രീയാനിശ്ചിതത്വം പാരമ്യത്തിൽ എത്തിയ സന്ദർഭത്തിലാണ് നാസി വളണ്ടിയർമാരെക്കൊണ്ട് റീഷ്ടാഗ് എന്നറിയപ്പെടുന്ന മഹോന്നത ജർമൻ പാർലമെന്റ് കെട്ടിടത്തിന് തീക്കൊളുത്തിയത്. സംഭവം നടന്നയുടനെ ഇതിന് പിന്നിൽ കമ്യൂണിസ്റ്റുകാരാണ് എന്ന് പ്രചരിപ്പിക്കുകയും പിറ്റേന്ന് നാസികൾ അവരെ തെരുവിൽ നേരിടുകയും പൊതുജനാഭിപ്രായം കമ്യൂണിസ്റ്റുകൾക്ക് എതിരാക്കുകയും ചെയ്തു.
 അതോടെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെ നിരോധിക്കുകയും പാർലമെന്റ് അംഗങ്ങളെ അയോഗ്യരാക്കുകയും ചെയ്തു. പതിറ്റാണ്ടുകൾക്ക് ശേഷം ന്യൂറൻബർഗ് ട്രയലിലാണ് റീഷ്ടാഗ് തീവെപ്പിന് പിന്നിൽ ഹിറ്റ്‌ലർ ആയിരുന്നുവെന്ന് ലോകമറിഞ്ഞത്. ഇത്തരം ചതികൾ നടത്തുന്നതിൽ ഫാസിസ്റ്റുകൾ സമർത്ഥരാണ്.  


 മുസഫർ നഗറിലെ ജാട്ടുകളെ മുസ്‌ലിംകൾക്കെതിരെ തിരിച്ചുവിട്ട 2013 ലെ കലാപമാണ് 2014 ൽ എഴുപത്തിമൂന്ന് പാർലമെന്റ് സീറ്റുകൾ യു.പിയിൽ ബി.ജെ.പിക്ക് നേടിക്കൊടുത്തത്. മനുഷ്യർ തമ്മിലെ പാരസ്പര്യമല്ല, മറിച്ച് പകയും വിദ്വേഷവുമാണ് ഫാസിസത്തിന്റെ ഇന്ധനം. കേരളം ഉഴുതുമറിച്ച സാംസ്‌കാരിക നായകരുടെ ഒറ്റയടിപ്പാതയിൽ വിഷം വമിപ്പിക്കുന്ന അത്യുക്തികളും അസത്യ പ്രചാരണങ്ങളും ഇനിയും വരും. നാം ജാഗരൂകരാകണം.


 മലയാള ഭാഷയുടെ പിതാവ്  തുഞ്ചത്തെഴുത്തച്ഛൻ, ജ്ഞാനപ്പാനയുടെ സ്രഷ്ടാവ് പൂന്താനം, കത്തുപാട്ടുകളുടെ സുൽത്താൻ പുലിക്കോട്ടിൽ ഹൈദർ, മലയാളിക്ക് നാരായണീയം നൽകിയ മേൽപത്തൂർ നാരായണ ഭട്ടതിരി, സാമൂതിരിയുടെ പോരാളികൾക്ക് പ്രചോദനമായ തുഹ്ഫതുൽ മുജാഹിദീൻ രചിച്ച ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂം, ഉമ്മാച്ചുവിനെ അവിസ്മരണീയമാക്കിയ ഉറൂബ്, മാപ്പിളപ്പാട്ട് കുലപതി മോയിൻകുട്ടി വൈദ്യർ, സ്വാതന്ത്ര്യ വാഞ്ഛയുള്ള സമൂഹത്തിനു യുഗ്മനേതൃത്വമേകിയ എം.പി.നാരായണമേനോനും കട്ടിലശ്ശേരി മുഹമ്മദ് മൗലവിയും, ഇടശ്ശേരി ഗോവിന്ദൻ നായർ, എം.ഗോവിന്ദൻ. മലപ്പുറത്തിന്റെ ബഹുസ്വരതയിൽ അലിഞ്ഞു ചേർന്ന സാംസ്‌കാരിക നായകർ അങ്ങനെ നിരവധിയാണ്.
ബ്രിട്ടീഷ് പട്ടാളത്തോട് നേർക്കുനേർ പൊരുതി വീരമൃത്യു വരിച്ച വാരിയൻ കുന്നൻ കുഞ്ഞഹമ്മദാജിയുടെയും ആലി മുസ്ലിയാരുടെയും ലവക്കുട്ടിയുടെയും മണ്ണ്, ആയുർവേദത്തിന്റെ വരദാനമായ കോട്ടക്കലിന്റെയും പി.എസ്. വാര്യരുടെയും മണ്ണ്. ഇന്നും ജീവിക്കുന്ന എം.ജി.എസ്. നാരായണനും കെ.പി. രാമനുണ്ണിയും ആലങ്കോട് ലീലാകൃഷ്ണനും മജീഷ്യൻ മുതുകാടുമൊക്കെ ജീവിക്കുന്ന, കൊടപ്പനക്കൽ തറവാടിന്റെ ഇളംകാറ്റേറ്റ് ഉണരുന്ന ഐക്യത്തിന്റെ ഈ മണ്ണിൽ കാഞ്ഞിരത്തിന് പോലും മധുരമാണ് മേനകാജി.


 മഹതിയുടെ ജില്ലയായ സുൽത്താൻപുരിലെ വിശേഷങ്ങൾ എങ്ങനെയെന്ന് പരിശോധിക്കാം. തട്ടിക്കൊണ്ടുപോയ കേസുകൾ മലപ്പുറത്ത് 24 എങ്കിൽ അവിടെ 292. സ്ത്രീ പീഡനം ഗുരുതരമാണെന്നാണ് മഹതി മലപ്പുറത്തെപ്പറ്റി പറഞ്ഞത്. സുൽത്താൻപുരിൽ 22 കേസുള്ളപ്പോൾ മലപ്പുറത്ത് വെറും രണ്ടെണ്ണം. കൊലപാതകങ്ങൾക്ക് കൈയും കണക്കുമില്ല, താങ്കളുടെ മണ്ഡലത്തിൽ. അപ്പോൾ, സുൽത്താൻപുർ ഇന്ത്യയിൽ തന്നെയല്ലേ മാഡം?

Latest News