വെല്ലിംഗ്ടൺ- അവസാനത്തെ കോവിഡ് രോഗിയും ആശുപത്രി വിട്ടതോടെ സമ്പൂർണമായി കോവിഡ് മുക്ത രാജ്യമായി ന്യൂസിലാന്റ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മുഴുവൻ നിയന്ത്രണങ്ങളും പിൻവലിച്ചതായി പ്രധാനമന്ത്രി ജെസിന്ദ ആർഡേൻ പ്രഖ്യാപിച്ചു. രാജ്യം ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട സമയത്ത് താൻ തന്റെ സ്വീകരണമുറിയിൽ നൃത്തം ചെയ്തുവെന്നും ജെസിന്ദ വെളിപ്പെടുത്തി.
സാമൂഹിക അകലം വേണമെന്നതും പൊതുയിടങ്ങളിലെ കൂടിച്ചേരലുകൾക്കുള്ള വിലക്കും ഒഴിവാക്കും. അതേസമയം, അതിർത്തികളിലെ നിയന്ത്രണം തുടരുമെന്നും അവർ വ്യക്തമാക്കി.
വൈറസ് വ്യാപനം പൂർണമായും ഇല്ലാതാക്കിയെന്ന് ആത്മവിശ്വാസമുണ്ടെന്ന് ടെലിവിഷനിലൂടെ രാജ്യത്തോട് നടത്തിയ പ്രഭാഷണത്തിൽ അവർ വ്യക്തമാക്കി. വൈറസിനെ തുരത്തുന്നതിൽ രാജ്യം ഒന്നിച്ചുനിന്നുവെന്നും അവർ വ്യക്തമാക്കി. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലാന്റഇൽ 1,154 പേർക്കാണ് രോഗം ബാധിച്ചത്. 22 പേർ മരിക്കുകയും ചെയ്തു.