വാഷിംഗ്ടണ്‍- അമേരിക്കന്‍ പട്ടണമായ മിനിയാപോളിസിലെ പോലീസ് വകുപ്പ് പിരിച്ചുവിട്ട് പുനസംഘടിപ്പിക്കുമെന്നും പൊതുസുരക്ഷക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും സിറ്റി കൗണ്‍സിലര്‍മാര്‍ അറിയിച്ചു.
കറുത്ത വംശജനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണം ദേശവ്യാപക പ്രതിഷേധത്തിനു കാരണമായ പശ്ചാത്തലത്തിലാണിത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന തരത്തില്‍ പുതിയ മാതൃകാ സുരക്ഷാനയം സ്വകീരിക്കേണ്ടതുണ്ടെന്നും പോലീസിനെ പുനസംഘടിപ്പിക്കുമെന്നും കൗണ്‍സില്‍ പ്രസിഡന്റ് ലിസ ബെന്‍ഡെര്‍ പറഞ്ഞു.
പോലീസ് വകുപ്പിനെ പരിഷ്‌കരിക്കാന്‍ സാധ്യമല്ലെന്നും നിലവിലെ പോലീസ് സംവിധാനം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും എം.പി.എല്‍.എസ് സിറ്റി കൗണ്‍സില്‍ തീരുമാനിച്ചതായി കൗണ്‍സില്‍ അംഗം അലോണ്‍ഡ്ര കാനോ ട്വീറ്റ് ചെയ്തു.
ജോര്‍ജ് ഫ്‌ലോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ വെള്ളക്കാരനായ മിനിയാപോളിസ് പോലീസ് ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.