ന്യൂദല്‍ഹി- വിവിധ രാജ്യങ്ങള്‍ വിദേശ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിന്‍വലിക്കുന്നതോടെ അന്താരാഷ്ട്ര യാത്രാ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജപ്പാന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ വിദേശികളുടെ പ്രവേശനത്തിന് കര്‍ശന വിലക്ക് തുടരുകയാണ്. വിമാനങ്ങള്‍ സ്വീകരിക്കാന്‍ രാജ്യങ്ങള്‍ തയാറാകേണ്ടതുണ്ടെന്ന് മന്ത്രി ട്വിറ്ററില്‍ പറഞ്ഞു.
രണ്ട് മാസം നീണ്ട കോവിഡ് ലോക്ഡൗണിനുശേഷം മേയ് 25 മുതല്‍ ഇന്ത്യ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്.
ഭൂരിഭാഗം രാജ്യങ്ങളും ഇപ്പോള്‍ സ്വന്തം പൗരന്മാരുമായി വരുന്ന 10 ശതമാനം അന്താരാഷ്ട്ര സര്‍വീസുകള്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ. വിദേശ പൗരന്മാര്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല. ഏതാനും രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ അനുവദിച്ച രാജ്യങ്ങള്‍ ക്വാറന്റൈന്‍ പോലുള്ള നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്.
സാധാരണ വിമാന സര്‍വീസിനുള്ള വിലക്ക് തുടരുമെങ്കിലും വന്ദേഭാരത് മിഷനുകീഴില്‍ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള സര്‍വീസുകള്‍ തുടരും.