ബ്രിസ്‌ബെന്‍- സര്‍ഫിങ്ങിനിടെ അമ്പതുകാരന്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെനില്‍ 100 കിലോമീറ്റര്‍ തെക്ക് കിങ്‌സ്‌ക്ലിഫില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കിങ്‌സ്‌ക്ലിഫിലെ സാള്‍ട്ട് ബീച്ചില്‍ സര്‍ഫിങ്ങിനെത്തിയ ഇയാള്‍ക്ക് നേരെ ഏകദേശം 10.40 ഓടെയായിരുന്നു സ്രാവിന്റെ ആക്രമണമുണ്ടായത്. മൂന്ന് മീറ്ററോളം നീളമുള്ള സ്രാവായിരുന്നു ആക്രമിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇയാളുടെ ഇടതുകാല്‍ സ്രാവിന്റെ ആക്രമണത്തില്‍ നഷ്ടപ്പെട്ടിരുന്നു. സ്രാവ് ആക്രമിക്കുന്നത് കണ്ട സര്‍ഫിങ്ങിലേര്‍പ്പെട്ടിരുന്ന മറ്റുള്ളവര്‍ സഹായത്തിനെത്തി സ്രാവിനെ അകറ്റി ആളെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ക്വീന്‍സ് ലാന്‍ഡ് സ്വദേശിയാണെന്നും ഏകദേശം അമ്പതുവയസ് പ്രായമുണ്ടെന്നും ന്യൂ സൗത്ത് വെയ്ല്‍സ് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം കിങ്‌സ്‌ക്ലിഫില്‍ സ്രാവിന്റെ സാന്നിധ്യമുണ്ടായിരുന്നതായി സൂചനയുണ്ട്. സ്രാവിനെ കണ്ടെത്തുന്നതിനായി ഹെലികോപ്ടറുകള്‍, ഡ്രോണുകള്‍ എന്നിവ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് കിങ്‌സ്‌ക്ലിഫ്, കാബറിറ്റ ബീച്ചുകളിലെ സന്ദര്‍ശകരെ ഒഴിപ്പിച്ചു. അടുത്ത ഇരുപത്തിനാല്‍ മണിക്കൂര്‍ നേരത്തേക്ക് ബീച്ചുകള്‍ അടച്ചു.