Sorry, you need to enable JavaScript to visit this website.

കാലടിയിൽ സിനിമാ സെറ്റ് തകർത്ത സംഭവം: പ്രധാന സൂത്രധാരൻ പിടിയിൽ

കൊച്ചി- കാലടി മണപ്പുറത്ത് മിന്നൽ മുരളിയെന്ന സിനിമയുടെ സെറ്റ് തകർത്ത കേസിലെ സൂത്രധാരനായ രണ്ടാം പ്രതി പിടിയിൽ. കാലടി മാണിക്കമംഗലം വടക്കിനി മാരാത്ത് കൃഷ്ണദാസ് (28) ആണ് ജില്ലാ പോലിസ് മേധാവി കെ കാർത്തികിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. നിരവധി മോഷണ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ എടിഎം തകർത്ത് പണം അപഹരിക്കാൻ ശ്രമിച്ചതിന് കൊരട്ടി ആലുവ സ്റ്റേഷനുകളിലും, മാരകായുധങ്ങൾ കൈവശം വച്ചതിന് കാലടി സ്റ്റേഷനിലും കേസുകളുണ്ട്. സെറ്റ് തകർത്ത കേസുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.പ്രതികൾക്കെതിരെ കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട നടപടിയുമായി പോലിസ് മുമ്പോട്ട് പോവുകയാണ്. സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയുകയും നഷ്ടപരിഹാരം നൽകലും ആക്ട്, മതസ്പർദ്ദ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനം, എപ്പിഡമിക് ഡിസിസസ് ഓർഡിനൻസ്, ഗൂഡാലോചന, മോഷണം എന്നീ വകുപ്പുകളും ചാർജ് ചെയ്തിട്ടുണ്ട്. പ്രതികളുടെ മുൻ കാല ചരിത്രം അന്വേഷിച്ചു വരുന്നതായി  പോലിസ് പറഞ്ഞു.പെരുമ്പാവൂർ എസ്എച്ച്ഒ സി ജയകുമാർ,  പ്രിൻസിപ്പൽ എസ് ഐ ബേസിൽ, അഡീഷണൽ എസ് ഐ റിൻസ് തോമസ്, എഎസ് ഐ രാജേന്ദ്രൻ, സിപിഒ പ്രിജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.

 

Latest News