ന്യൂദൽഹി- ദൽഹിയുടെ അതിർത്തി തിങ്കളാഴ്ച മുതൽ തുറക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഒരാഴ്ച മുമ്പ് അടച്ച അതിർത്തികളാണ് വീണ്ടും തുറക്കുന്നത്. അതേസമയം, ദൽഹിയിലെ ചില സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ ദൽഹി നിവാസികൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും കെജ്‌രിവാൾ വ്യക്തമാക്കി. ജൂൺ അവസാനത്തോടെ ദൽഹിയിൽ ചികിത്സക്കായി 15,000 കിടക്കകൾ കൂടി ആവശ്യമുണ്ടാകും. ദൽഹി തലസ്ഥാനത്തെ ആശുപത്രികൾ ദൽഹി വാസികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. മറ്റു നഗരങ്ങളിൽനിന്ന് സർജറിക്കും മറ്റുമായി വരുന്ന രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ സൗകര്യം ഏർപ്പെടുത്തുമെന്ന് കെജ്‌രിവാൾ പറഞ്ഞു.