പട്‌ന- വിവിധ കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പാര്‍പ്പിച്ച തടവില്‍ നിന്ന് 34 പേര്‍ ചാടി. ബിഹാറിലെ മുംഗര്‍ ജില്ലയിലാണ് സംഭവം. ഇരുമ്പു ഗ്രില്ലുകളും ഗേറ്റുകളും മുറിച്ചു മാറ്റിയാണ് കഴിഞ്ഞ ദിവസം തടവില്‍ നിന്നും ഇവര്‍ രക്ഷപ്പെട്ടത്. ഇവരില്‍ 12 പേര്‍ പിന്നീട് തിരിച്ചെത്തിയതായി പോലീസ് അറിയിച്ചു. ബാക്കി 23 പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കുന്ദന്‍ കുമാര്‍ അറിയിച്ചു.
സമീപ പ്രദേശങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കി. ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. വിവിധ കേസുകളില്‍ പിടിയിലായ 86 കുട്ടികളാണ് ഈ തടവറയില്‍ അന്തേവാസികളായി ഉണ്ടായിരുന്നത്. പ്രായപൂര്‍ത്തിയകാത്തവരെ മുതിര്‍ന്നവര്‍ക്കൊപ്പം ജയിലില്‍ അടക്കാന്‍ നിയമം അനുവദിക്കുന്നില്ല. പ്രത്യേക തടവറകളിലാണ് വിവിധ കേസുകളില്‍ അറസ്റ്റിലായ കുട്ടികളെ പാര്‍പ്പിക്കുക. സംഭവം നടന്ന തടവറയ്ക്ക് സായുധ കാവല്‍ക്കാരില്ല. തടവിലുള്ള കുട്ടികള്‍ സെല്ലുകള്‍ക്കു പുറത്ത് ഡോര്‍മിറ്ററികളിലാണ് പലപ്പോഴും അന്തിയുറങ്ങുന്നത്.
തടവു ചാടിയ കുട്ടികള്‍ ഗുരുതമായ കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലായവരാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകം, ബലാല്‍സംഗം, മോഷണം തുടങ്ങി പല കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും ഇവരില്‍ ഉള്‍പ്പെടുമെന്ന് മുംഗര്‍ ജില്ലാ പോലീസ് മേധാവി ആശിഷ് ഭാരതി പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാനമായ മറ്റൊരു തടവില്‍ നിന്ന് നൂറോളം കുട്ടികള്‍ 2015-ല്‍ രക്ഷപ്പെട്ടിരുന്നു. ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി ഇതുപയോഗിച്ച് മതില്‍ ചാടിയാണ് അന്ന് കുട്ടികള്‍ രക്ഷപ്പെട്ടത്.