നിലമ്പൂർ- നിലമ്പൂർ മേഖലയിൽ മഴ കനത്തതോടെ കാഞ്ഞിരപ്പുഴയിൽ വെള്ളം കയറി. കഴിഞ്ഞ രണ്ടു പ്രളയങ്ങളിൽ കാഞ്ഞിരപ്പുഴയുടെ മതിൽമൂല ഭാഗത്ത് കോളനിയിലെ 52 വീടുകൾ ഉൾപ്പെടെ 60 ഓളം വീടുകൾ ഭാഗികമായി തകർന്നിരുന്നു. വേലായുധൻ എന്നയാളുടെ വീടും പൂർണമായി തകർന്നിരുന്നു. കാഞ്ഞിരപ്പുഴയുടെ മതിൽമൂല ഭാഗത്ത് അടിഞ്ഞുകൂടിയ കല്ലുകൾ നീക്കാൻ നടപടികൾ തുടങ്ങാനിരിക്കെയാണ്, പൊതുമരാമത്ത് വകുപ്പിന്റെ റോഡിനോട് ചേർന്നു ഭീതി വിതച്ച് ഇന്നലെ കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുന്നത്. മഴ തുടർന്നാൽ ഈ ഭാഗത്തേക്കുള്ള ഗതാഗതം നിലക്കും. കാലിക്കടവിലെ 14 കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടിയും വരും. കനത്ത മഴയിൽ എടക്കരയിൽ വീട് തകർന്നു. കാക്കപ്പരത പുന്നശേരി ശശിയുടെ വീടിന്റെ മേൽക്കൂരയാണ് ശനിയാഴ്ച വൈകിട്ട് കനത്ത മഴയിൽ തകർന്നത്. പാലുണ്ട-മുണ്ടേരി റോഡിന് കുറുകെ കാട്ടിച്ചിറയിൽ മുളങ്കൂട്ടം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ട്രോമാ കെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടസ്സങ്ങൾ നീക്കി.