Sorry, you need to enable JavaScript to visit this website.

ഗോകുലം, ഇനിയെന്ത്?

ഗോകുലം മികച്ച സീസണിലൂടെ കടന്നു പോവുമ്പോഴാണ് കൊറോണ കാരണം കളിക്കളങ്ങൾ നിശ്ചലമായത്.
ഡ്യൂറന്റ് കപ്പുമായി ഗോകുലം ടീം

മികച്ച സീസണിലൂടെ കടന്നു പോവുകയായിരുന്നു ഗോകുലം. ഈ വർഷത്തെ ദേശീയ വനിതാ ലീഗ് ചാമ്പ്യന്മാരായതിന്റെ ആഘോഷം തീരും മുമ്പെയാണ് ഗോകുലത്തിന് കളിക്കളങ്ങൾ അടച്ചിടേണ്ടി വന്നത്. പുരുഷ ടീം മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളിനെയുമൊക്കെ തോൽപിച്ച് ഡ്യൂറന്റ് കപ്പ് ജേതാക്കളായി. ഐ-ലീഗ് നിർത്തിവെക്കാൻ തീരുമാനിച്ചപ്പോൾ അവർ അഞ്ചാം സ്ഥാനത്തായിരുന്നു. രണ്ടാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനെക്കാൾ വെറും ഒരു പോയന്റ് പിന്നിൽ. ഒരു മത്സരം കുറവേ കളിച്ചിട്ടുമുണ്ടായിരുന്നുള്ളൂ. 


കൊറോണ കാരണം കായികരംഗം നിശ്ചലമാവുക മാത്രമല്ല ചെയ്തത്, സ്‌പോർട്‌സിന്റെ സാമ്പത്തിക ഘടന തന്നെ താറുമാറായിരിക്കുകയാണ്. ക്ലബ്ബുകളുടെയും ലീഗുകളുടെയും അക്കാദമികളുടെയും എല്ലാത്തിനുമുപരി കളിക്കാരുടെയും ഭാവി തന്നെ അനിശ്ചിതത്വത്തിലാണ്. കേരളത്തിലെ ഏക ഐ-ലീഗ് ഫുട്‌ബോൾ ടീമായ ഗോകുലം കേരളാ എഫ്.സിക്ക് ഇത് പ്രത്യേകിച്ചും വലിയ തിരിച്ചടിയാണ്. മികച്ച സീസണിലൂടെ കടന്നു പോവുകയായിരുന്നു ക്ലബ്.  
ഈ വർഷത്തെ ദേശീയ വനിതാ ലീഗ് ചാമ്പ്യന്മാരായതിന്റെ ആഘോഷം തീരും മുമ്പെയാണ് ഗോകുലത്തിന് കളിക്കളങ്ങൾ അടച്ചിടേണ്ടി വന്നത്. പുരുഷ ടീം മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളിനെയുമൊക്കെ തോൽപിച്ച് ഡ്യൂറന്റ് കപ്പ് ജേതാക്കളായി. ഐ-ലീഗ് നിർത്തിവെക്കാൻ തീരുമാനിച്ചപ്പോൾ അവർ അഞ്ചാം സ്ഥാനത്തായിരുന്നു. രണ്ടാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനെക്കാൾ വെറും ഒരു പോയന്റ് പിന്നിൽ. ഒരു മത്സരം കുറവേ കളിച്ചിട്ടുമുണ്ടായിരുന്നുള്ളൂ. 


2017 ലാണ് ഗോകുലം കളത്തിലിറങ്ങിയത്. സാന്നിധ്യമറിയിക്കുകയല്ല ജയിക്കുക തന്നെയാണ് ലക്ഷ്യമെന്ന് തുടക്കം മുതൽ അവർ തെളിയിച്ചിട്ടുണ്ട്. വനിതാ ടീമിനെ സമാന്തരമായി വളർത്തിയെടുത്ത് അവർ വേറിട്ടൊരു പാത സ്വീകരിക്കുകയും ചെയ്തു. സീനിയർ വനിതാ ലീഗ് ചാമ്പ്യൻഷിപ് പോലുമില്ലാത്ത കേരളത്തിലാണ് ഇതെന്നതാണ് എടുത്തു പറയേണ്ടത്. അടിസ്ഥാനതലത്തിൽ പ്രതിഭകളെ കണ്ടെത്താനുള്ള പദ്ധതികൾ അവർ നടപ്പാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഗോകുലത്തിന് ആറ് അക്കാദമികളുണ്ട്. 
ഈ സ്‌കൂൾ അവധിക്കാലത്ത് അക്കാദമികളുടെ പ്രവർത്തനം വ്യാപിപ്പിക്കാനിരിക്കെയാണ് കൊറോണ പ്രതിബന്ധമായി എത്തിയത്. എന്നിട്ടും പ്രമുഖ കളിക്കാരെ പങ്കെടുപ്പിച്ച് ഓൺലൈൻ കോച്ചിംഗ് വെബിനാറുകൾ അവർ വിജയകരമായി നടത്തി. ആഴ്ചയിൽ ആറു ദിവസം ഒരു മണിക്കൂർ വീതം കോച്ചുമാരും പുറത്തുനിന്നുള്ള വിദഗ്ധരും ഓൺലൈൻ സെഷനുകൾ നടത്തി. ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ അണ്ടർ-18 മുതൽ താഴോട്ടുള്ള വിഭാഗങ്ങളിലെ മുപ്പതോളം കുട്ടികൾ അക്കാദമിയിലുണ്ടായിരുന്നു. പലരും മണിപ്പൂരിൽ നിന്നുള്ളവരാണ്. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ അവരിൽ ഭൂരിഭാഗവും മടങ്ങി. അവരുടെ വളർച്ച നിരീക്ഷിക്കുകയെന്നതാണ് അടുത്ത വെല്ലുവിളി. 


സാധാരണ ഏഴ് കോടി രൂപയാണ് ഒരു സീസണിനായി ഗോകുലം ചെലവിടുന്നത്. കൊറോണ പുനർവിചിന്തനത്തിന് വഴി വെച്ചിരിക്കുകയാണ്. എവിടെയൊക്കെ ചെലവ് കുറക്കാമെന്നാണ് ഇപ്പോഴത്തെ ചിന്ത. സ്‌പോൺസർമാരുടെ പ്രതികരണമനുസരിച്ചായിരിക്കും ഭാവി പദ്ധതികൾ. ഇരുപതോളം സ്‌പോൺസർമാരുണ്ടെങ്കിലും പ്രധാനമായും ആശ്രയിക്കുന്നത് ശ്രീ ഗോകുലം ഗ്രൂപ്പിനെ തന്നെയാണ്. ഹോട്ടലും റിയൽ എസ്‌റ്റേറ്റും സിനിമയും വിദ്യാഭ്യാസ മേഖലയുമൊക്കെയാണ് ഗോകുലം ഗ്രൂപ്പിന്റെ പ്രധാന മേഖല. അവയൊക്കെ പ്രതിസന്ധി നേരിടുകയാണ്. എന്നിട്ടും കളിക്കാരെ കൈയൊഴിയാൻ ഗോകുലം തയാറായിട്ടില്ല. ഈസ്റ്റ് ബംഗാളിനെ പോലെ വൻ ക്ലബ് പോലും കളിക്കാരുടെ കരാറുകൾ റദ്ദാക്കുകയുണ്ടായി. ഒന്നോ രണ്ടോ കളിക്കാരുടെ കരാർ മാത്രമേ ഈ സീസണോടെ അവസാനിക്കൂ. 


വനിതാ ടീമിന്റെ വാർഷിക ബജറ്റ് 75 ലക്ഷം രൂപയാണ്. അത് കുറക്കാനൊന്നും പദ്ധതിയില്ല. മികച്ച കളിക്കാരെ നിലനിർത്തണമെന്നും കേരളത്തിൽനിന്ന് കൂടുതൽ പ്രതിഭകളെ കണ്ടെത്തണമെന്നും കോച്ച് പി.വി പ്രിയക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ വനിതാ ലീഗ് ടോപ്‌സ്‌കോററായ നേപ്പാൾ താരം സബിത്ര ഭണ്ഡാരിയെപ്പോലെ മികച്ച വിദേശ കളിക്കാരികളെ കണ്ടെത്താനും പദ്ധതിയുണ്ട്.


അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ക്ലബ്ബുകൾക്ക് ഒരു സീസണിൽ 70 ലക്ഷം രൂപ സബ്‌സിഡി നൽകാറുണ്ട്. രണ്ടു സീസൺ മുമ്പ് അത് 40 ലക്ഷമാക്കി കുറച്ചു. അത് പുനഃസ്ഥാപിക്കണമെന്നാണ് ക്ലബ്ബുകളുടെ ആവശ്യം. യാത്രാ നിരക്കും ട്രാൻസ്ഫർ ഫീസുമുൾപ്പെടെ എല്ലാ മേഖലയിലും രണ്ടു വർഷത്തിനിടെ വലിയ വർധനയാണ് ഉണ്ടായത്. സ്‌പോർട്‌സ് വ്യവസായ മേഖല ഒന്നിച്ചിരുന്ന് ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുകയും മുന്നോട്ടുള്ള പാത നിശ്ചയിക്കുകയും ചെയ്യണമെന്നും ഗോകുലം നിർദേശിക്കുന്നു. 

 

Latest News