ന്യൂദല്‍ഹി-പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനു പിന്നാലെ ദല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രയും ദല്‍ഹി പോലീസും വീണ്ടും ചര്‍ച്ചയാകുന്നു. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളേയും ആക്ടിവിസ്റ്റുകളേയും അറസ്റ്റ് ചെയ്ത് കിരാത നിയമമായ യു.എ.പി.എ ചുമത്തിയ ദല്‍ഹി പോലീസ് കപില്‍ മിശ്രയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഫേസ്ബുക്ക് സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് വിദ്വേഷ പ്രസംഗത്തിനുള്ള ഉദാഹരണമായി കപില്‍ മിശ്രയുടെ പ്രസ്താവന ഉദാഹരിച്ചതോടെയാണ് ദല്‍ഹി പോലീസിനെതിരെ പുതിയ ചോദ്യങ്ങള്‍ ഉയരാന്‍ കാരണമായത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ വിദ്വേഷ പ്രസ്താവനക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ ഫേസ് ബുക്കിനെതിരെ ഉയര്‍ന്ന വിമര്‍ശനം സംബന്ധിച്ച് വിശദീകരിക്കുമ്പോഴാണ് ദല്‍ഹി കലാപവും ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വിവാദ പ്രസംഗവും സക്കര്‍ബര്‍ഗ് പേരെടുത്ത് പറയാതെ സക്കര്‍ബര്‍ഗ് ഉദ്ധരിച്ചത്. കാല്‍ലക്ഷത്തോളം വരുന്ന ഫേസ് ബുക്ക് ജീവനക്കാരെ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രസംഗത്തിന് കപില്‍ മിശ്രയുടെ പ്രസംഗം അളവുകോലായി സ്വീകരിക്കണമെന്ന് സക്കര്‍ബര്‍ഗ് സൂചിപ്പിച്ചു. ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വംശജനെ മിനിയപോളിസ് പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു പിന്നാലെ അമേരിക്കയില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ട്രംപ് നടത്തിയ വിവാദ പരാമര്‍ശത്തെ കുറിച്ച് സക്കര്‍ബര്‍ഗ് വിശദീകരിച്ചു.
കൊള്ള തുടങ്ങുമ്പോള്‍ വെടിവെപ്പും തുടങ്ങുമെന്നാണ് കറുത്ത വര്‍ഗക്കാരായ സമരക്കാരെ കൊള്ളക്കാര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ട്രംപ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരുന്നത്. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ അക്രമത്തെ മഹത്വവല്‍ക്കരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ ട്വീറ്റ് ട്വിറ്റര്‍ ഫ്‌ലാഗ് ചെയ്തു മറച്ചിരുന്നു. പ്രകോപനങ്ങള്‍ ഏറെ ഉണ്ടായിട്ടും ഫേസ്ബുക്ക് ട്രംപിന്റെ പോസ്റ്റ് നീക്കം ചെയ്യാന്‍ സന്നദ്ധമായിരുന്നില്ല. ട്രംപിനെ പിന്തുണച്ചുകൊണ്ടുള്ള സക്കര്‍ബര്‍ഗിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഫേസ്ബുക്കിലെ ഒരു എഞ്ചിനീയര്‍ രാജി നല്‍കുകയും ചെയ്തിരുന്നു.
ഫെബ്രുവരി 24-25 തീയതികളില്‍ പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവേളയിലാണ് വടക്കുകിഴക്കന്‍ ദല്‍ഹിയിലെ അനുയായികളെ കലാപത്തിനു പ്രേരിപ്പിച്ചുകൊണ്ട് കപില്‍ മിശ്ര വിവാദ പരാമര്‍ശം നടത്തിയത്. ജാഫറാബാദ് മെട്രോ സ്‌റ്റേഷന്‍ റോഡ് ബ്ലോക്ക് ചെയ്ത സി.എ.എ വിരുദ്ധ സമരക്കാരെ നീക്കം ചെയ്യുന്നതിന് ദല്‍ഹി പോലീസിന് മൂന്ന് ദിവസത്തെ അന്ത്യശാസനം നല്‍കിക്കൊണ്ടായിരുന്നു മിശ്രയുടെ പ്രസ്താവന. യു.എസ് പ്രസിഡന്റ് മടങ്ങിപ്പോകാനാണ് കാത്തുനില്‍ക്കുന്നതെന്നും അതിനുശേഷം പോലീസിന്റെ വാക്ക് കേള്‍ക്കില്ലെന്നും തെരവിലിറങ്ങുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ജനങ്ങള്‍ ഒരുമിച്ച് പുറത്തിറങ്ങി മറ്റൊരു ഷാഹിന്‍ബാഗ് ഉണ്ടാക്കുന്നതില്‍നിന്ന് തടയണമെന്നും ആഹ്വാനം ചെയ്തു.
കപില്‍ മിശ്രക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യണമെന്ന് ദല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും ജഡ്ജി മുരളീധര്‍ സ്ഥലം മാറ്റപ്പെടുകയും കേസ് പരിഗണിച്ച ബെഞ്ചില്‍ മാറ്റം വരുത്തുകയും ചെയ്തു. യഥാസമയത്ത് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുമെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്.
ഇതിനുശേഷം സി.എ.എക്കെതിരെ നടന്ന സമരവുമായി ബന്ധിപ്പട്ടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും മിശ്രക്കെതിരെ ഇനിയും കുറ്റം ചുമത്തിയിട്ടില്ല.