ജയ്പുര്‍-രാജസ്ഥാനില്‍ ഭരണം അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി സൂചന. കര്‍ണാടകയ്ക്കും മധ്യപ്രദേശിനും പിന്നാലെയാണ് രാജസ്ഥാനിലും ഭരണം അട്ടിമറിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നത്. ചില കോണ്‍ഗ്രസ് നേതാക്കളുടെ സമീപകാല നീക്കങ്ങളും തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രസ്താവനയാണ് അട്ടിമറി സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നത്. സംസ്ഥാനത്തെ മൂന്നു രാജ്യസഭാ സീറ്റുകളിലേക്കു നാലാമത് ഒരു സ്ഥാനാര്‍ഥിയെ രംഗത്തിറക്കി ബിജെപി തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കിയിട്ടുമുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ ഒരാള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആണ്. എംഎല്‍എമാരെ വാങ്ങി അവരുടെ കൂടെയാക്കുക എന്ന ഒരേയൊരു നിലപാടേ ബിജെപിക്കുള്ളുവെന്നും രാജസ്ഥാനിലും ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതോടെയാണു ഇതുവരെ ചുവടുറച്ചു നിന്ന രാജസ്ഥാനിലും കോണ്‍ഗ്രസിന് അടിപതറുകയാണോ എന്ന സംശയം രാഷ്ട്രീയ നിരീക്ഷകര്‍ ഉന്നയിച്ചു തുടങ്ങിയിരിക്കുന്നത്. പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രിയുമായുള്ള പടലപ്പിണക്കങ്ങളും ഈ വാദത്തിനു പിന്‍ബലം നല്‍കുന്നു.
സച്ചിന്‍ പൈലറ്റിന്റെ അടുപ്പക്കാരനായ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിങ് പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് ക്യാംപെയ്‌നു പിന്തുണയുമായി രംഗത്തു വന്നതും അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ക്ക് അടുത്ത കാലത്തായി ബിജെപി നേതാക്കളില്‍നിന്നു ലഭിക്കുന്ന വലിയ പിന്തുണയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 107 എംഎല്‍എമാരുടെ പിന്തുണയുണ്ട്.
ബിജെപിക്ക് 72 പേരാണുള്ളത്. സ്വതന്ത്രരും മറ്റുമായി 21 അംഗങ്ങളുണ്ട്. സ്വതന്ത്രരില്‍ ഏറെയും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരുമാണ്. 51 അംഗങ്ങളുടെ വോട്ടു ലഭിച്ചാല്‍ ഒരു സ്ഥാനാര്‍ഥിക്കു ജയിക്കാമെന്നിരിക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കേണ്ടതാണ്.