ഹൈദരാബാദ്- കോവിഡിനെതിരെ രഇന്ത്യയില്‍ പരീക്ഷിക്കുന്ന പ്ലാസ്മ തെറാപ്പിയുടെ ആദ്യഘട്ട പരീക്ഷണം വിജയകരം. ഹൈദരാബാദ് ഗാന്ധി ഹോസ്പിറ്റലില്‍ അഞ്ചു രോഗികളില്‍ നടത്തിയ പരീക്ഷണമാണ് വിജയകരമായത്. പ്ലാസ്മ തെറാപ്പി നടത്തിയ അഞ്ചു രോഗികളും പൂര്‍ണമായും സുഖം പ്രാപിച്ചെന്നും ഒരാള്‍ ആശുപത്രി വിട്ടു എന്നുമാണ് റിപ്പോര്‍ട്ട്. അത്യാസന്നനിലയിലായ രോഗികളെയാണ് പ്ലാസ്മ തെറാപ്പിക്ക് വിധേയമാക്കിയതെന്ന് ഇതിനു നേതൃത്വം നല്‍കിയ ഡോക്ടര്‍ ശ്രീനിവാസ റാവു പറഞ്ഞു.
ഓക്‌സിജന്‍ സാച്യുറേഷന്‍ ലെവല്‍ 84ശതമാനത്തില്‍ താഴെ പോയവരെ ആയിരുന്നു പ്ലാസ്മ തെറാപ്പിക്ക് വിധേയമാക്കിയത്. കോവിഡ് ഭേദമായയാളില്‍നിന്ന് ശേഖരിക്കുന്ന രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ച് രോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന രീതിയാണ് പ്ലാസ്മ തെറാപ്പി. രോഗം ഭേദമായ ആളുടെ രക്തത്തില്‍ രോഗാണുവിനെതിരായ ആന്റിബോഡിയുണ്ടാകും. ഇത് രോഗിയിലും പ്രവര്‍ത്തിക്കുമോയെന്ന് പരീക്ഷിക്കുകയാണ് ഈ ചികിത്സയില്‍ ചെയ്യുന്നത്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് പ്ലാസ്മ തെറാപ്പി വേഗത്തില്‍ പരീക്ഷിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനിച്ചത്. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേതടക്കം 46 സ്ഥാപനങ്ങള്‍ക്കായിരുന്നു ആദ്യ ഘട്ടത്തില്‍ പ്ലാസ്മ തെറാപ്പി നടത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അനുമതി നല്‍കിയത്.