കറുപ്പ് നിറത്തെ വെറുപ്പിന്റെ പര്യായമായി പലരും കാണുന്നു. അധര്‍മങ്ങളെയും കളവുകളെയും സൂചിപ്പിക്കാന്‍ കറുപ്പിനെയാണ് സാഹിത്യ ലോകം പോലും ഉപയോഗിച്ചുവരുന്നത്. 'കറുത്ത മനസ്സിന്റെ ഉടമ' തുടങ്ങിയ പ്രയോഗങ്ങള്‍ ഇന്ന് സര്‍വ സാധാരണമാണ്.
കറുപ്പെന്ന നിറം എന്ത് ദ്രോഹമാണ് ചെയ്തത്? വെളുപ്പിന് എന്തുകൊണ്ട് അപ്രമാദിത്വം ലഭിക്കുന്നു? 'വെളുത്തു തുടുത്തവന്‍' ഒരു സദസ്സിലേക്ക് കടന്നുവന്നാല്‍ ലഭിക്കുന്ന ആദരവ് 'കറുത്തു തുടുത്തവന്‍' കടന്നുവരുമ്പോള്‍ ലഭിക്കുന്നില്ല. കറുത്ത നിറമുള്ളവന്‍ ഒരു നേട്ടത്തിനര്‍ഹനാവുമ്പോള്‍ 'കറുത്ത മുത്ത്' എന്ന് വിശേഷിപ്പിക്കപ്പെടുമെങ്കില്‍ വെളുത്തവന്‍ വരുമ്പോള്‍ 'വെളുത്ത മുത്ത്' എന്നാരും പറയാറില്ല. അടിമകളെന്നോ അടുപ്പിക്കാന്‍ കൊള്ളാത്തവരെന്നോ തുടങ്ങിയ ധാരണകള്‍ കറുത്ത വിഭാഗങ്ങളെ കുറിച്ച് ചരിത്രം ആരംഭിച്ച നാള്‍ തൊട്ടു തന്നെ നിലനില്‍ക്കുന്നുണ്ട്. മനുഷ്യരില്‍ നിലനില്‍ക്കുന്ന ഈ ഉച്ചനീചത്വ ചിന്തകളെ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. മനുഷ്യര്‍ക്കിടയില്‍ വര്‍ണത്തിലും ഭാഷയിലും നിലനില്‍ക്കുന്ന വ്യത്യാസങ്ങളെ വൈവിധ്യങ്ങള്‍ മാത്രമായി കാണണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. 'ആകാശ ഭൂമികളുടെ സൃഷ്ടിയും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രേ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.' (3022).
വര്‍ണങ്ങളെ അടിസ്ഥാനമാക്കി മനുഷ്യന്റെ ഔന്നത്യത്തെ അളക്കാന്‍ കഴിയില്ല. മനുഷ്യന്റെ ഔന്നത്യത്തിന്റെ അളവുകോല്‍ അയാള്‍ ആര്‍ജിച്ചെടുത്ത ദൈവ ബോധത്തിന്റെയും സംസ്‌കാരത്തിന്റെയും പൂര്‍ണതയിലാണ് നിലകൊള്ളുന്നത്. പ്രവാചകന്‍ പറഞ്ഞു: 'മനുഷ്യന്‍ ആദമില്‍ നിന്നാണ്. ആദം മണ്ണില്‍ നിന്നുമാണ്. അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല; ധര്‍മനിഷ്ഠ കൊണ്ടല്ലാതെ.' കറുത്തവര്‍ക്ക് നേരേയുള്ള വര്‍ണ വെറി അതിന്റെ ഉത്തുംഗതയില്‍ നിന്നിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു പ്രവാചകന്റെ ഈ പ്രഖ്യാപനം. പ്രവാചകന്റെ അനുചരന്മാരില്‍ അതുകൊണ്ടു തന്നെ പരസ്പര ബന്ധങ്ങളില്‍ കറുപ്പും വെളുപ്പും കടന്നുവന്നിരുന്നില്ല. അവര്‍ മനുഷ്യരെന്ന നിലയിലും വിശ്വാസികളെന്ന നിലയിലും പരസ്പരം സ്‌നേഹിച്ചു.
പ്രവാചകന് വളരെ ഇഷ്ടമായിരുന്നു ജുലൈബീബ് എന്ന അനുചരനെ. ജൂലൈബീബിന്റെ നിറം കറുപ്പായിരുന്നു. ശരീരത്തിനു സമൂഹം കല്‍പിച്ച ചില വൈരൂപ്യങ്ങളും വികലതകളുമുണ്ടായിരുന്നു. പക്ഷേ വിശ്വാസത്തിലും സംസ്‌കാരത്തിലും ജൂലൈബീബിനെ കവച്ചുവെക്കാന്‍ അധികമാര്‍ക്കും സാധിക്കുമായിരുന്നില്ല. ദരിദ്രനായിരുന്ന, ഉടുതുണിക്ക് മറുതുണി പോലും ഇല്ലാതിരുന്ന ജൂലൈബീബ് പള്ളിയില്‍ കഴിഞ്ഞു കൂടി. ജൂലൈബീബിന് പ്രധാനമായും കൂട്ട് പ്രവാചകന്‍ (സ) ആയിരുന്നു. ഒരിക്കല്‍ പുഞ്ചിരിച്ചുകൊണ്ട് പ്രവാചകന്‍ ജൂലൈബീബിനോട് ചോദിച്ചു: 'ഇങ്ങനെയൊക്കെ ജീവിച്ചാല്‍ മതിയോ? ഒരു വിവാഹമൊക്കെ വേണ്ടേ?'. 'ആരും വിലമതിക്കാത്ത എനിക്കെന്ത് വിവാഹം?' ജുലൈബീബ് നിരാശയോടെ മൊഴിഞ്ഞു. പ്രവാചകന്‍ പറഞ്ഞു: 'അല്ലാഹുവിങ്കല്‍ താങ്കള്‍ ഒരിക്കലും അധമനല്ല.' പ്രവാചകന്‍ അദ്ദേഹത്തിനായി പെണ്ണന്വേഷിച്ചു. കറുത്ത സുന്ദരിയെയല്ല അന്വേഷിച്ചത്. ഒരു വിശ്വാസിനിയായ സാംസ്‌കാരിക ബോധമുള്ള മനുഷ്യസ്ത്രീയെ ആയിരുന്നു അദ്ദേഹം അന്വേഷിച്ചത്. പ്രതിശ്രുത വധു വെളുത്ത സുന്ദരിയായിരുന്നു. അവളുടെ വീട്ടുകാര്‍ക്ക് ഇഷ്ടമായില്ലെങ്കിലും പ്രവാചകന്‍ പഠിപ്പിച്ച വര്‍ഗ വര്‍ണങ്ങള്‍ക്കതീതമായ ഏക മാനവതയുടെ സന്ദേശം ഉള്‍ക്കൊണ്ട അവള്‍ പ്രവാചകന്റെ നിര്‍ദേശത്തെ നിറഞ്ഞ മനസ്സോടെ അംഗീകരിച്ചു. വര്‍ണാധിപത്യങ്ങള്‍ക്കും വര്‍ണ വെറികള്‍ക്കും ഒരര്‍ത്ഥവുമില്ലെന്നു അവള്‍ ലോകത്തോട് ഉറക്കെ വിളിച്ചുപറഞ്ഞ സംഭവമായി അതിനെ ചരിത്രം രേഖപ്പെടുത്തുന്നു.
പ്രവാചകന്റെ തിരുസന്നിധിയില്‍ വന്നുകൊണ്ട് ബിലാല്‍ (റ) പൊട്ടിപ്പൊട്ടി കരഞ്ഞു. 'കറുത്തവളുടെ മോനെ' എന്ന വിളിയില്‍ അപമാനിതനായി മുഖം പൊത്തിപ്പിടിച്ചു പ്രവാചകനോട് അദ്ദേഹം സങ്കടമോതി എന്നാണ് ചരിത്രം വിവരിക്കുന്നവര്‍ പറയുന്നത്. വിളിച്ചതാവട്ടെ, നിസ്സാരക്കാരനായിരുന്നില്ല. വിശ്വാസികളിലെ സാത്വികനായി അറിയപ്പെട്ടിരുന്ന അബൂദര്‍റുല്‍ ഗിഫാരി (റ) ആയിരുന്നു ബിലാലിനെ അങ്ങനെ വിളിച്ചത്. പ്രവാചകന് അത് വലിയ വിഷമമുണ്ടാക്കി. അദ്ദേഹം അബൂ ദര്‍റിനോട് ചോദിച്ചു: 'താങ്കളുടെ മനസ്സില്‍ ഇപ്പോഴും ജാഹിലിയ്യത്ത് തളം കെട്ടി നില്‍ക്കുകയാണോ?' അബൂദര്‍റ് കണ്ണീര്‍ പൊഴിച്ചു. എന്തൊരപരാധമാണ് ഞാന്‍ പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹത്തിന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. ബിലാലിനെ തേടിപ്പോയി. കരഞ്ഞുകൊണ്ടദ്ദേഹം പറഞ്ഞു: 'ബിലാല്‍, താങ്കളെന്റെ കവിളില്‍ ചവിട്ടുക; അതുവരെ ഞാന്‍ എഴുന്നേല്‍ക്കില്ല'. ഇതുകേട്ട ബിലാല്‍ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. കെട്ടിപ്പിടിച്ചു കൊണ്ടൊരുപാട് മുത്തങ്ങള്‍ നല്‍കി അബൂദര്‍റിന്റെ കവിളില്‍. അവരുടെ കണ്ണുകളില്‍ നിന്നും അന്ന് ഉതിര്‍ന്നുവീണത് വര്‍ണങ്ങള്‍ക്കും വര്‍ഗങ്ങള്‍ക്കും ദേശങ്ങള്‍ക്കുമതീതമായ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആര്‍ദ്രതയുടെയും തുള്ളികളായിരുന്നു. വര്‍ണ വെറിക്കെതിരായ സ്‌നേഹച്ചാലുകളായിരുന്നു.
ഈജിപ്തിലെത്തിയ മുസ്‌ലിംകള്‍ അന്നത്തെ ഭരണാധികാരിയായിരുന്ന മുഖൗഖിസ് ചക്രവര്‍ത്തിക്ക് മുമ്പില്‍ എത്തിയപ്പോള്‍ അദ്ദേഹം സംഭാഷണത്തിനായി ഒരു ദൗത്യസംഘത്തെ അയക്കാന്‍ ആവശ്യപ്പെട്ടു. മുസ്‌ലിംകളുടെ നേതാവായിരുന്ന അബ്ദുല്ലാഹിബ്‌നു അംറ് (റ) ഉബാദത്തു ബ്‌നു സ്വാമിത്ത് (റ) വിന്റെ നേതൃത്വത്തിലുള്ള പത്തംഗ ദൗത്യസംഘത്തെ അയച്ചു. ഉബാദത്ത് ബ്‌നു സ്വാമിത്ത് കറുത്ത മനുഷ്യനായിരുന്നു. സംസാരിക്കാനായി അദ്ദേഹം മുഖൗഖിസിനെ സമീപിക്കാന്‍ തുടങ്ങിയപ്പോള്‍ മുഖൗഖിസ് അട്ടഹസിച്ചു. 'ഈ കറുത്തവനെ മാറ്റി വെളുത്തവനെ കൊണ്ടുവരൂ' എന്നാജ്ഞാപിച്ചു. മുസ്‌ലിംകള്‍ പറഞ്ഞു: 'നിങ്ങള്‍ കറുത്തവനെന്നു വിശേഷിപ്പിച്ച ഇദ്ദേഹമാണ് കാഴ്ചപ്പാടിലും അറിവിലും ഞങ്ങളില്‍ വെച്ചേറ്റവും ഉന്നതന്‍. അദ്ദേഹത്തിന്റെ അഭിപ്രായത്തിലേക്കാണ് ഞങ്ങളെല്ലാം മടങ്ങുക. അദ്ദേഹം കല്‍പിക്കുന്നത് ഞങ്ങള്‍ അനുസരിക്കുകയും ചെയ്യും.' മുഖൗഖിസിന് മറ്റു മാര്‍ഗങ്ങളുണ്ടായില്ല. ഉബാദത്ത് സംസാരിച്ചു. അദ്ദേഹം പറഞ്ഞു: 'എന്നേക്കാള്‍ പതിന്മടങ്ങു കറുപ്പ് നിറമുള്ളവരാണ് എന്റെ കൂടെ ഇവിടെ സന്നിഹിതരായ ആയിരത്തിലധികമാളുകള്‍.
മനുഷ്യര്‍ക്കിടയില്‍ ഒരു തരത്തിലുമുള്ള അസ്പൃശ്യതകളും തീണ്ടായ്മകളും പാടില്ലെന്നും മാനവര്‍ സഹോദരങ്ങള്‍ മാത്രമാണെന്നും ഉദ്‌ഘോഷിച്ച ഖുര്‍ആനും പ്രവാചക വചനങ്ങളുമാണ് ലോകത്തിന് വര്‍ണാശ്രമങ്ങള്‍ക്കും വര്‍ണാധിപത്യങ്ങള്‍ക്കുമെതിരെ ഭിത്തികള്‍ പണിതത്. അവയാണ് വര്‍ണ വര്‍ഗങ്ങള്‍ക്കതീതമായി മനസ്സുകളില്‍ നിന്നും മനസ്സുകളിലേക്കൊഴുകേണ്ട സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും നീരുറവകള്‍ ലോകത്തിനു സമ്മാനിച്ചത്. എന്നാല്‍ കറുപ്പിന്റെയും വെളുപ്പിന്റെയും പേരില്‍ മനുഷ്യര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി അധികാര സോപാനങ്ങളിലെത്താനാണ് ലോകത്തെ നിയന്ത്രിക്കുന്ന വന്‍ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അമേരിക്കയിലെ മിനിസോട്ടയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ പോലീസ് അതിക്രമം കറുപ്പിനോടുള്ള വിദ്വേഷം ഒന്നുകൊണ്ടു മാത്രമായിരുന്നു. ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്ത മനുഷ്യനെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ഞെരിച്ചു കൊലപ്പെടുത്തിയ വെള്ളപ്പോലീസിന്റെ മനുഷ്യത്വം കയറിച്ചെന്നിട്ടില്ലാത്ത ഇരുണ്ട മനസ്സിന്റെ അവസ്ഥ എത്രമാത്രം പരിതാപകരമാണ്. എബ്രഹാം ലിങ്കണ്‍ മുതല്‍ ബറാക് ഒബാമ വരെയുള്ള കറുത്ത മനുഷ്യര്‍ പ്രസിഡന്റ് പദവിയില്‍ ഇരുന്നിട്ടുള്ള അമേരിക്കയില്‍ ഇന്നും നിലക്കാത്ത വര്‍ണ വെറിയാണ് കാണാന്‍ സാധിക്കുന്നത്. 'ബ്ലാക്ക്', 'വൈറ്റ്' എന്നിങ്ങനെ മനുഷ്യരെ രണ്ടു തട്ടായി കാണാനാണ് ഇന്നും അമേരിക്കക്ക് താല്‍പര്യം. ലോകം ഏറെ പുരോഗമിച്ചിട്ടും മാറ്റം വരാതെ വര്‍ണ വെറി അമേരിക്കയെ ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്.
വര്‍ണത്തിന്റെയും ജാതിയുടെയും കുലമഹിമയുടെയും പേരിലുള്ള അറപ്പും വെറുപ്പുമെല്ലാം അമേരിക്കയുടെ മാത്രം പ്രശ്‌നമല്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇത്തരം വിവേചനങ്ങളും ക്രൂരതകളും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യാ രാജ്യമോ കൊച്ചുകേരളമോ പൂര്‍ണമായും ഇതില്‍ നിന്നും മുക്തമല്ല. പിന്നോക്ക അധഃകൃത വിഭാഗങ്ങളില്‍ പെട്ടയാളുകളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തുന്നതും ക്രൂരമായി മര്‍ദിക്കുന്നതും നമ്മുടെ നാടുകളിലും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ജാതിപ്പേര് വിളിച്ചും മോശമായ പ്രയോഗങ്ങള്‍ നടത്തിയും അവരെ അപമാനിക്കുന്നത് പലര്‍ക്കും ഇന്ന് വിനോദമാണ്. പോലീസ് സ്‌റ്റേഷനുകളിലും നീതിന്യായ കോടതികളില്‍ പോലും വിവേചനങ്ങളുണ്ടാവുന്നുവെന്നത് നിഷേധിക്കാന്‍ കഴിയില്ല. മനുഷ്യരെ മനസ്സുകൊണ്ട് കാണാന്‍ സാധിച്ചെങ്കില്‍ മാത്രമേ ഇത്തരം വിവേചനങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കുകയുള്ളൂ.
വിവിധ വര്‍ണങ്ങളാല്‍ അലങ്കരിക്കപ്പെട്ട ഭൂമിയാണ് നമ്മുടേത്. ഒരു നിറത്തിനും അതില്‍ മേല്‍കോയ്മയില്ല. പച്ചയും മഞ്ഞയും നീലയും ചുവപ്പും വെളുപ്പും കറുപ്പുമെല്ലാം വര്‍ണരാജിയുടെ വിവിധ ധര്‍മങ്ങളാണ് നിര്‍വഹിക്കുന്നത്. അതില്‍ കറുപ്പിനെ മാത്രം ഇകഴ്ത്തിക്കാണിക്കുന്നത് നീതിയല്ല. നാം ലോകത്ത് വളരെ കൗതുകത്തോടെ നോക്കിക്കണ്ടുകൊണ്ട് ആസ്വദിക്കുന്ന പലതും കറുപ്പ് നിറമാണ്. നാം ആദരിക്കുകയും വിസ്മയത്തോടെ കാണുകയും ചെയ്യുന്ന മഹദ്‌വ്യക്തികളുടെയും നിറം കറുപ്പാണ്. കവി പാടിയതു പോലെ:
'കാകനും കറുപ്പത്രേ
കോകിലം കറുപ്പത്രേ
ഏഴഴകും കറുപ്പത്രേ
മണ്ഡേലയും ലൂഥറും കറുപ്പത്രേ
ഏവര്‍തന്‍ നിഴലും കറുപ്പത്രേ'
മനുഷ്യര്‍ക്കിടയിലെ ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കി അവരെ ഒന്നായിക്കാണാനാണ് വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്: 'ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.' (ഖുര്‍ആന്‍ 49:13)