ജിദ്ദ - അനധികൃത രീതിയിൽ പതിനാലു ലക്ഷത്തിലേറെ റിയാൽ വിദേശങ്ങളിലേക്ക് അയച്ച രണ്ടംഗ സംഘത്തെ ജിദ്ദയിൽ നിന്ന് അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് വക്താവ് മേജർ മുഹമ്മദ് അൽഗാംദി അറിയിച്ചു. അമ്പതു വയസ്സിനടുത്ത് പ്രായമുള്ള അറബ് വംശജരാണ് പിടിയിലായത്. പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിവരികയാണെന്ന് മക്ക പ്രവിശ്യ പോലീസ് വക്താവ് പറഞ്ഞു.
സമാന കേസിൽ പത്തംഗ സംഘത്തെ കഴിഞ്ഞ ദിവസം റിയാദിൽ നിന്നും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തിരുന്നു. പത്തു കോടിയിലേറെ റിയാൽ വിദേശങ്ങളിലേക്ക് അയച്ച സംഘമാണ് റിയാദിൽ അറസ്റ്റിലായത്. നാൽപതു മുതൽ അമ്പതു വരെ വയസ്സ് പ്രായമുള്ള ഒരു സൗദി പൗരനും ഒമ്പതു സുഡാനികളും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. ഉറവിടമറിയാത്ത ഭീമമായ തുകകൾ സംഘം വിദേശങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. ധനസേവന മേഖലയിൽ പ്രവർത്തിക്കാൻ ലൈസൻസില്ലാത്ത പത്തു സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പത്തു കോടിയിലേറെ റിയാൽ സംഘം വിദേശങ്ങളിലേക്ക് അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഏഴു ലക്ഷം റിയാൽ പ്രതികളുടെ പക്കൽ നിന്ന് പിടിച്ചെടുത്തതായും റിയാദ് പോലീസ് അറിയിച്ചു.