Sorry, you need to enable JavaScript to visit this website.

കിര്‍ഗിസ്ഥാനില്‍ കുടുങ്ങി മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

ബിഷ്‌കേക്ക്-  കോവിഡിനെ തുടര്‍ന്ന് കിര്‍ഗിസ്ഥാനില്‍ കുടുങ്ങി 250 ഓളം മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. കിര്‍ഗിസ്ഥാനിലെ ഓഷ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് നാട്ടിലെത്താനാവാതെ കുടുങ്ങിക്കിടക്കുന്നത്. വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ ജയ്പൂര്‍, ശ്രീനഗര്‍, വിശാഖപട്ടണം, മുംബൈ, ദല്‍ഹി തുടങ്ങിയ വിമാനത്താവളങ്ങളിലേക്കായി 11 വിമാനങ്ങള്‍ കിര്‍ഗിസ്ഥാനില്‍ നിന്നും വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടു പോയെങ്കിലും കേരളത്തിലേക്ക് വിമാനം ഇല്ലാത്തതാണ് ഇവരെ കുഴക്കുന്നത്. മാര്‍ച്ച് 12ന് കിര്‍ഗിസ്ഥാനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഹോസ്റ്റലുകളിലും ഫ്‌ളാറ്റിലും കഴിയുകയായിരുന്നു മലയാളി വിദ്യാര്‍ത്ഥികള്‍. ഇവര്‍ പഠിക്കുന്ന മെഡിക്കല്‍ കോളജ് കോവിഡ് ഐസോലേഷന്‍ വാര്‍ഡാക്കി മാറ്റിയതോടെ ഹോസ്പിറ്റലിനോട് ചേര്‍ന്നുള്ള ഇന്ത്യന്‍ ഹോസ്റ്റിലിലെ വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങാനാവാതെ കുടുങ്ങിക്കിടക്കുകയാണ്. ലോക്ക്ഡൗണ്‍ അവസാനിച്ചതോടെ യാതൊരു വിധ പ്രതിരോധ സംവിധാനവുമില്ലാതെയാണ് തദ്ദേശീയര്‍ പുറത്തിറങ്ങുന്നത്. കോവിഡ് കേസുകള്‍ വ്യാപിച്ചതോടെ പുറത്ത് ഫ്‌ളാറ്റുകളില്‍ കഴിയുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കാവട്ടെ കോവിഡ് ഭീതി കാരണം സാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാനാവുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അവശ്യസാധനങ്ങള്‍ക്ക് നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടി വില ഈടാക്കുന്നതായും മലയാളി വിദ്യാര്‍ത്ഥികള്‍ വാട്‌സ്ആപ്പ് വഴി പുറത്തു വിട്ട വീഡിയോയില്‍ പറയുന്നു. കേരളത്തിലേക്ക് വന്ദേഭാരത് മിഷന്റെ ഭാഗമായി വിമാനം ഏര്‍പ്പെടുത്തുകയോ, ചാര്‍ട്ടേഡ് വിമാനത്തിന് സൗകര്യം ഏര്‍പ്പെടുത്തുകയോ ചെയ്തു തരണമെന്നും വിദ്യാര്‍ത്ഥികള്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനായി സംസ്ഥാനങ്ങള്‍ വിമാനം എത്തിക്കുമ്പോള്‍ കേരള സര്‍ക്കാറും തങ്ങളെ നാട്ടിലെത്തിക്കാന്‍ നടപടി കൈക്കൊള്ളണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Latest News