ന്യൂദല്‍ഹി- വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ ഫെബ്രുവരിയില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസ് ഒരു സെറ്റ് കുറ്റപത്രങ്ങള്‍ കൂടി കോടതയില്‍ സമര്‍പ്പിച്ചു. ഐ.ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ കൊലപ്പെടുത്തിയതുമായും ശിവ്‌വിഹാറിലെ രാജധാനി സ്‌കൂളിന് സമീപം നടന്ന അക്രമങ്ങളുമായും ബന്ധപ്പെട്ട് രണ്ട് വീതം കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചത്. രാജധാനി സ്‌കൂള്‍ കേസില്‍ അക്രമവുമായും ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് കുറ്റപത്രങ്ങള്‍.
ഫെബ്രുവരി 24 നാണ് ശിവ് വിഹാറിലെ രാജധാനി പബ്ലിക് സ്‌കൂളില്‍ അക്രമങ്ങള്‍ നടന്നത്. സ്‌കൂളിനോട് ചേര്‍ന്നുള്ള ഡിആര്‍പി കോണ്‍വെന്റ് പബ്ലിക് സ്‌കൂള്‍ ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കലാപകാരികള്‍ രാജ്ധാനി സ്‌കൂളിലെ ടെറസില്‍ നിന്ന് വെടിയുതിര്‍ത്തിരുന്നുവെന്ന് കുറ്റപത്രം ഫയല്‍ ചെയ്ത ശേഷം ദല്‍ഹി പോലീസ് പത്രക്കുറിപ്പില്‍ പറഞ്ഞു.
രാജധാനി സ്‌കൂളിന്റെ ടെറസില്‍നിന്ന് പെട്രോള്‍ ബോംബുകള്‍, ആസിഡ്, ഇഷ്ടികകള്‍, കല്ലുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ കണ്ടെടുത്തുവെന്നും പോലീസ് പറയുന്നു. രാജധാനി സ്‌കൂളിലെ ടെറസില്‍ നിന്ന് ഡിആര്‍പി കോണ്‍വെന്റ് സ്‌കൂളിലേക്ക് ഇറങ്ങാന്‍ കലാപകാരികള്‍ കയറുകള്‍ ഉപയോഗിച്ചിരുന്നുവെന്നും തുടര്‍ന്ന് ജനക്കൂട്ടം ഡിആര്‍പി സ്‌കൂളിന് തീകൊളുത്തുകയായിരുന്നുവെന്നും പോലീസ് ആരോപിക്കുന്നു.
ഡിആര്‍പി കോണ്‍വെന്റ് സ്‌കൂളില്‍നിന്ന് ജനക്കൂട്ടം കമ്പ്യൂട്ടറുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചു, റോഡിന്റെ മറുവശത്ത് രാജധാനി സ്‌കൂളിന് മുന്നിലുള്ള അനില്‍ സ്വീറ്റ്‌സിന്റെ കെട്ടിടം കത്തിച്ചു, കടയ്ക്കകത്ത് കുടുങ്ങിയിരുന്ന ജോലിക്കാരനായ ദില്‍ബാര്‍ നേഗിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പിന്നീട് പോലീസ് കണ്ടെത്തി തുടങ്ങിയ കാര്യങ്ങളും കുറ്റപത്രത്തിലുണ്ട്.
രാജധാനി സ്‌കൂളിന്റെ ഉടമയായ ഫൈസല്‍ ഫാറൂഖ് ഉള്‍പ്പെടെ 18 പേരെ ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഫാറൂഖിന്റ നിര്‍ദേശപ്രകാരം തൊട്ടടുത്തുള്ളതും ഡിആര്‍പി കോണ്‍വെന്റ് സ്‌കൂളും രണ്ട് പാര്‍ക്കിംഗ് സ്ഥലങ്ങളും അനില്‍ സ്വീറ്റ്‌സ് കെട്ടിടവും ജനക്കൂട്ടം ആസൂത്രിതമായി നശിപ്പിച്ചുവെന്നും സാക്ഷിമൊഴികളില്‍നിന്ന് ഇത് വ്യക്തമാണെന്നും പോലീസ് പറയുന്നു. സാക്ഷികളില്‍ ഡിആര്‍പി സ്‌കൂളിലെ കാവല്‍ക്കാരനും രാജധാനി സ്‌കൂളിലെ ഗാര്‍ഡും ഉള്‍പ്പെടുന്നു. ആക്രമണം നടത്താന്‍ ഫാറൂഖ് ഗൂഢാലോചന നടത്തിയെന്ന് പോലീസ് ആരോപിച്ചു.
ഇയാള്‍ക്ക് തബലീഗ് ജമാഅത്ത് , പിഞ്ച്ര ടോഡ്, ജാമിഅ കോഓര്‍ഡിനേഷന്‍ കമ്മിറ്റി, ദയൂബന്ദ് ദാറുല്‍ ഉലൂം തുടങ്ങി നിരവധി സംഘടനകളുമായി ബന്ധമുണ്ടെന്നും പോലീസ് അവകാശപ്പെടുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ജാമിഅ കോഓര്‍ഡിനേഷന്‍ കമ്മിറ്റി, നിസാമുദ്ദീന്‍ മര്‍കസ്, ദയൂബന്ദ് എന്നിവയുടെ നേതാക്കളുമായും മൗലാനമാരുമായും ഫാറൂഖ് നടത്തിയ ഫോണ്‍ കാളുകള്‍ ഗൂഢാലോചനയുടെ ആഴം വര്‍ധിപ്പിക്കുന്നുവെന്നും പോലീസ് പറയുന്നു. കലാപം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് ഫൈസല്‍ ഫാറൂഖ് ദയൂബന്ദ് സന്ദര്‍ശിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് അവകാശപ്പെടുന്നു.
കുറ്റപത്രത്തില്‍ തബ്‌ലീഗ് ജമാഅത്തിന്റെ പേര് ഉള്‍പ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണത്തിന് തങ്ങളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നായിരുന്നു തബ്‌ലീഗ് ജമാഅത്തിന്റെ നിയമോപദേഷ്ടാവ് ഫുസൈല്‍ അയ്യൂബിയുടെ പ്രതികരണം. അക്രമം നടന്ന ദിവസം മുസ്ലിം കുട്ടികള്‍ നേരത്തെ സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നുവെന്ന പോലീസിന്റെ ആരോപണത്തെ കുറിച്ച് അന്ന് മുസ്ലിം കുട്ടികള്‍ മാത്രമല്ല, ഹിന്ദു കുട്ടികളും നേരത്തെ വീടുകളിലേക്ക് പോയിരുന്നുവെന്നാണ് പ്രദേശവാസികള്‍ പ്രതികരിച്ചതെന്ന് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു.