ഹൈദരാബാദ്- ദലിത് ചിന്തകനും ഗ്രന്ഥകാരനുമായ പ്രൊഫ. കാഞ്ച ഇളയ്യ (64)ക്കു നേരെ വധശ്രമം. ആക്രമണശ്രമത്തെ തുടര്‍ന്ന് അദ്ദേഹം സമീപത്തെ പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. ഹൈദരാബാദില്‍ കാറില്‍ സഞ്ചരിക്കുമ്പോഴാണ് ഒരു സംഘമാളുകള്‍ ആക്രമിച്ചത്.
'ആര്യ വൈശ്യ ജാതികള്‍' എന്ന കാഞ്ച ഇളയ്യയുടെ പുസ്തകത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് ആക്രമണ ശ്രമമുണ്ടായത്. ഒരു സംഘമാളുകള്‍ കാഞ്ച ഇളയ്യ സഞ്ചരിച്ച വാഹനത്തിനുനേരെ ചെരിപ്പുകളും കല്ലും എറിയുകയായിരുന്നു. സമീപത്തെ പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ ശേഷം പോലീസ് അകമ്പടിയോടെയാണ് അദ്ദേഹം യാത്ര തുടര്‍ന്നത്. സ്റ്റേഷനു സമീപം ദലിത് -വൈശ്യ വിഭാഗങ്ങള്‍ ഏറ്റുമുട്ടിയിരുന്നു.
'ആര്യ വൈശ്യ ജാതികള്‍' എന്ന പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആര്യ വൈശ്യ അസോസിയേഷനുകള്‍ കാഞ്ച ഇളയ്യക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അജ്ഞാതര്‍ ഫോണില്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയതായി കാഞ്ച ഇളയ്യ ഉസ്മാനിയ യൂണിവേഴ്‌സിറ്റി പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. പുസ്തകത്തിലെ വൈശ്യ സമുദായത്തിനെതിരായ പരാമര്‍ശങ്ങളാണ് പ്രതിഷേധത്തിനു കാരണമായത്.