Sorry, you need to enable JavaScript to visit this website.

ഇന്ത്യ ആഗോള ഐ.ടി. സൂപ്പർ പവർ, പാക്കിസ്ഥാൻ ഭീകരതാ ഫാക്ടറി-യു.എന്നിൽ സുഷമ സ്വരാജ്

ഇന്ത്യയുടെ അഭിമാനമുയർത്തിയ പ്രസംഗമെന്ന് മോഡി

യുനൈറ്റഡ് നേഷൻസ്- ഭീകര പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന പാക്കിസ്ഥാനെ നിശിതമായി വിമർശിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് യു.എൻ. പൊതുസഭയിൽ ഗംഭീര പ്രംഗം നടത്തി. ലോകവേദിയിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തുന്ന പ്രസംഗമാണ് സുഷമ നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിൽ അഭിനന്ദിച്ചു.
ഭീകരതക്കെതിരായ ആഗോളപോരാട്ടം, കാലാവസ്ഥാ വ്യതിയാനം, രക്ഷാസമിതി പരിഷ്‌കരണം എന്നീ വിഷയങ്ങളാണ് സുഷമാ സ്വരാജ് പ്രസംഗത്തിൽ ഉന്നയിച്ചത്. 
പൊതുസഭയിൽ ഇത് അവരുടെ രണ്ടാമത്തെ പ്രസംഗമായിരുന്നു. ഹിന്ദിയിൽ തന്നെയാണ് ഇക്കറിയും പ്രസംഗിച്ചത്. പ്രസംഗത്തിനു അവസാന രൂപം നൽകന്നതിനാണ് സുഷമ വെള്ളിയാഴ്ച മുഴുവൻ സമയവും ചെലവഴിച്ചിരുന്നത്.
ഇന്ത്യ ഐ.ഐ.ടിയും ഐ.ഐ.എമ്മും സ്ഥാപിക്കുമ്പോൾ പാക്കിസ്ഥാൻ ലഷ്‌കറെ തയ്യിബയേയും ജയ്‌ശെ മുഹമ്മദിനെയുമാണ് സൃഷിടിച്ചതെന്ന് സുഷമാ സ്വരാജ് കുറ്റപ്പെടുത്തി ഇന്ത്യ ദാരിദ്ര്യത്തോട് പൊരുതുമ്പോൾ പാക്കിസ്ഥാൻ അയൽ രാജ്യത്തോടാണ് പൊരുതുന്നത്.
ഐക്യരാഷ്ട്ര സംഘടന പരിഹാരം തേടുന്ന പ്രശ്‌നങ്ങളിൽ ഏറ്റവും മുകളിലുള്ളത് ഭീകരതയാണ്. മാനവകുലത്തിനുതന്നെ ഭീഷണിയാണ് ഭീകരത. മോശം ഭീകരർ, നല്ല ഭീകരർ എന്നിങ്ങനെ വേർതിരിക്കാൻ നിന്നാൽ നമുക്ക് എങ്ങനെ ഒരുമിച്ച് പൊരുതാനാകുമെന്ന് അവർ ചോദിച്ചു.
ജയ്‌ശെ മുഹമ്മദ് മേധാവി മൂദ് അസ്ഹറിനെ ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ ആവർത്തിച്ചുള്ള അഭ്യർഥനയെ രക്ഷാസമിതിയിൽ സ്ഥിരാംഗമായ ചൈന വീറ്റോ ചെയ്യുന്നതിനെ സുഷമ സ്വരാജ് വിമർശിച്ചു. 
ഭീകരരുടെ പട്ടിക തയാറാക്കുന്നതിൽ യു.എൻ. രക്ഷാസമിതിക്ക് യോജിക്കാൻ കഴിയുന്നില്ലെങ്കിൽ ഭീകരതക്കെതിരെ പൊരുതാൻ നമുക്ക് കഴിയില്ല.
കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷാഹിദ് ഖാൻ അബ്ബാസി പ്രസംഗിച്ചപ്പോൾ കൂടുതൽ സമയം ഇന്ത്യയെ വിമർശിക്കാനാണ് തുലച്ചത്. ഇന്ത്യ ഭരണകൂട ഭീകരത നടപ്പാക്കുന്നുവെന്നും പൗരാവകാശങ്ങൾ ലംഘിക്കുന്നുവെന്നുമാണ് അദ്ദേഹം ആരോപിച്ചത്. അപ്പോൾ ശ്രോതാക്കൾ ചോതിച്ചിട്ടുണ്ടാവുക ആരാണ് സംസാരിക്കുന്നതെന്നാകും
ഇന്ത്യ ആഗോള ഐ.ടി. സൂപ്പർ പവറാകമ്പോൾ പാക്കിസ്ഥാൻ എന്തുകൊണ്ട് ഭീകരത കയറ്റി അയക്കുന്ന ഫാക്ടറി ആയെന്ന് പാക്കിസ്ഥാൻ നേതാക്കൾ ആത്മപരിശോധന നടത്തണം.
ശത്രുവിനെ നിർവചിക്കാതെ നമുക്ക് എങ്ങനെ യോജിച്ച് പൊരുതാനാകും. ഭീകരതക്ക് നിർവചനമുണ്ടാക്കാൻ കഴിയും വേഗം ശ്രമമുണ്ടാകണമെന്ന് സുഷമ സ്വരാജ് അധ്യക്ഷ വേദിയോട് ആവശ്യപ്പെട്ടു.
പാവങ്ങൾക്ക് അനുകൂലമായി ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതികൾ സുഷമ സ്വരാജ് എണ്ണിപ്പറഞ്ഞു. എല്ലാ ഇന്ത്യൻ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുന്ന ജൻ ദാൻ പദ്ധതി ലോകത്തുതന്നെ ഏറ്റവും വലുതാണ്. സീറോ ബാലൻസിലാണ് ഓരോ കുടുംബത്തിനും അക്കൗണ്ട് അനുവദിക്കുന്നത്. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാനാണ് നോട്ട് അസാധുവാക്കാൻ തീരുമാനിച്ചതും ജി.എസ്.ടി. ആരംഭിച്ചതും. 
ലോക നേതാക്കൾ സമ്മേളിച്ചിരിക്കെ തന്നെയാണ് ചുഴലിക്കാറ്റുകൾക്കും ഭൂചലനങ്ങൾക്കും പേമാരിക്കും സാക്ഷ്യം വഹിച്ചിരിക്കുന്നത്. പ്രകൃതി ലോക നേതാക്കൾക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പുകളാണിത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പ്രഭാഷണങ്ങൾക്കുപരി കൂടുതൽ ഗൗരവത്തോടെയുള്ള നടപടികളാണ് ആവശ്യം അവർ പറഞ്ഞു.

Latest News