ഒളിച്ചു താമസിച്ച് അവിഹിതം പിടിച്ച ശ്രീലങ്കക്കാരന്‍ അറസ്റ്റില്‍
ഷാര്‍ജ- അവിഹിത ബന്ധത്തിലേര്‍പ്പെട്ട ഭാര്യയുടേയും കാമുകന്റേയും ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ശ്രീലങ്കക്കാരന്‍ അറസ്റ്റില്‍. ഗുരുതരമായി പൊള്ളലേറ്റ 25 കാരിയും 23 കാരനും ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുമാണ് പൊള്ളലേറ്റത്.
എയര്‍പോര്‍ട്ടില്‍ ശ്രീലങ്കയിലേക്കുള്ള വിമാനത്തിനു കാത്തുനില്‍ക്കവെയാണ് 30 കാരനായ പ്രിഷ്‌നി അറസ്റ്റിലായത്.
ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷം വിവാഹം ചെയ്ത ഭാര്യ തന്നെ ഇങ്ങനെ വഞ്ചിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
അത്യാവശ്യകാര്യങ്ങള്‍ക്കായി ഈയിടെ തനിച്ച് നാട്ടില്‍ പോയ പ്രിഷ്‌നിക്ക് അവിടെ 20 ദിവസത്തോളം തങ്ങേണ്ടി വന്നിരുന്നു. നാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഫേസ്ബുക്കില്‍ ഭാര്യയുടെ മറ്റൊരാളോടൊപ്പമുള്ള ഫോട്ടോ കണ്ടു. തുടര്‍ന്ന് ഭാര്യയെ അറിയിക്കാതെ യു.എ.ഇയില്‍ മടങ്ങി എത്തി ഹോട്ടലില്‍ താമസിച്ച് ഭാര്യയുടേയും കാമുകന്റേയും നീക്കങ്ങള്‍ നിരീക്ഷിച്ചു.
ഭാര്യയും കാമുകനും ഷാര്‍ജയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ കയറിയപ്പോഴാണ് തുറന്നു കിടന്ന വാതിലിലൂടെ താനും അകത്ത് കയറിയതെന്ന് പ്രിഷ്‌നി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ബെഡ് റൂമില്‍ കയറി ഇരുവരുടേയും ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
പോലീസിലേക്ക് വിളിച്ചതിനെ തുടര്‍ന്നാണ് ആംബുലന്‍സും സി.ഐ.ഡി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയത്. ഇരുവരേയും ആശുപ്രതിയിലേക്ക് മാറ്റിയതോടൊപ്പം സി.ഐ.ഡി വിഭാഗം അന്വേഷണം നടത്തിയാണ് ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഭര്‍ത്താവ് പ്രിഷ്‌നിയെ പിടികൂടിയത്.