ന്യൂദൽഹി- ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഇടപെടാൻ സുപ്രീം കോടതിക്ക് പരിമിതിയുണ്ടെന്നും ഭരണഘടന ഭേദഗതി ചെയ്യണമെന്ന് നിർദ്ദേശിക്കാൻ സുപ്രീം കോടതിക്ക് സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇംഗ്ലീഷ് നാമം നീക്കം ചെയ്യുന്നത് പ്രതീകാത്മകമാണ്. ഭാവി തലമുറക്ക് നമ്മുടെ സ്വന്തം ദേശീയതയിൽ അഭിമാനബോധം ഉളവാക്കാൻ ഭാരത് എന്ന പേര് സഹായിക്കും. ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന പദം നമ്മുടെ പൂർവ്വികർ കഠിനമായി പോരാടിയ സ്വാതന്ത്ര്യത്തെ ന്യായീകരിക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഞങ്ങൾക്ക് അത് ചെയ്യാനാകില്ല. ഭരണഘടനയിൽ ഇന്ത്യയെ ഭാരത് എന്നും പറയുന്നുണ്ട്. ഇതേ ആവശ്യവുമായി ഹരജിക്കാരന് ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. തുടർന്ന് ഹരജി കോടതി തള്ളി. 2016-ലും ഇതേ ആവശ്യവുമായി ഒരാൾ കോടതിയിൽ എത്തിയിരുന്നു. ആ ഹരജിയും കോടതി തള്ളുകയാണ് ചെയ്തത്.