ന്യൂദൽഹി- കോവിഡ് ബാധയേറ്റ് പുളയുന്ന മുംബൈ നഗരത്തെ ലക്ഷ്യമിട്ട് നിസർഗ ചുഴലിക്കാറ്റും. ദുരതത്തിന് മേൽ ദുരിതം എന്ന നിലയിലാണ് കോവിഡ് മുംബൈ ലക്ഷ്യമാക്കി എത്തുന്നത്. ഇന്ന് ഉച്ചയോടെ കൊടുങ്കാറ്റ് മുംബൈയിലെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ നൽകുന്ന സൂചന. മഹാരാഷ്ട, ഗുജറാത്ത് തീരങ്ങൾ ലക്ഷ്യമിട്ടാണ് നിസർഗ എത്തുന്നത്. ആരും വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. ഡാമൻ ഡ്യൂ, ദാദ്ര, നാഗർ ഹവേലി എന്നിവടങ്ങൡലും കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഗോവയിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴയുണ്ട്. മുംബൈയിൽനിന്ന് നൂറു കിലോമീറ്റർ അകലെ അലിബാഗിലായിരിക്കും കനത്ത മഴയും ചുഴലിക്കാറ്റുമുണ്ടാകുക. ഉച്ചക്ക് ഒരു മണിക്കും നാലു മണിക്കും ഇടയിലാകും ഇതെന്നും കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
19,000 ത്തോളം പേരെ മുംബൈയിൽ സുരക്ഷിത താവളത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതേവരെ ഉണ്ടായതിൽ വെച്ചേറ്റവും വലിയ ചുഴലിക്കാറ്റായിരിക്കും ഇതെന്നും കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.