ജമ്മു- ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടാംതവണയാണ് സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ ആര്‍മിയുടെ രാഷ്ട്രീയ റൈഫിളും സിആര്‍പിഎഫും സംയുക്തമായാണ് പുല്‍വാമയില്‍ കങ്കന്‍ മുറന്‍ ഗ്രാമത്തില്‍ സൈനിക ഓപ്പറേഷന്‍ നടത്തിയത്. കൃത്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
കൊല്ലപ്പെട്ടത് ജെയ്‌ഷെ തീവ്രവാദികളാണെന്ന് ഡിജിപി ദില്‍ബാഗ് സിങ് അറിയിച്ചു. തെക്കന്‍ കശ്മീരില്‍ സജീവമായ ജെയ്‌ഷെയുടെ മുതിര്‍ന്ന കമാന്ററും കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് വിവരം. കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്ന ഏറ്റുമുട്ടലില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നുവെങ്കിലും ഏത് സംഘടനയില്‍പ്പെട്ടവരാണെന്ന് സൈന്യം വെളിപ്പെടുത്തിയിരുന്നില്ല. സമീപത്തെ ഗ്രാമത്തില്‍ തന്നെ അവരുടെ സംസ്‌കാര ചടങ്ങുകളും നടത്തിയിരുന്നു. ചടങ്ങുകളില്‍ കുടുംബത്തെ മാത്രമേ പങ്കെടുപ്പിച്ചിരുന്നുള്ളൂവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.