പാട്‌ന- ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസിന് വേണ്ടി ക്യാംപെയിൻ നയിക്കുമെന്ന പ്രചാരണം രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തള്ളി.
കോൺഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് താൻ ഉറപ്പുനൽകിയിട്ടില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
' മുൻമുഖ്യമന്ത്രി കമൽ നാഥ് മാത്രമല്ല, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും ക്യാംപെയിൻ നയിക്കണമെന്നാവശ്യപ്പെട്ട് എന്നെ സമീപിച്ചിരുന്നു. പക്ഷേ ഞാൻ ഇതുവരെ അവരുടെ ക്ഷണം സ്വീകരിച്ചിട്ടില്ല. കോൺഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങാൻ ഉദ്ദേശിച്ചിട്ടില്ല.' പ്രശാന്ത് കിഷോർ പറഞ്ഞു. ഇക്കഴിഞ്ഞ ദൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് വേണ്ടി പ്രചാരണം നയിച്ചത് പ്രശാന്ത് കിഷോറായിരുന്നു. 2015-ലും പ്രശാന്ത് കിഷോറായിരുന്നു പ്രചാരണത്തിന് നേതൃത്വം നൽകിയത്. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിൽ തൃണമൂലിന് വേണ്ടിയും തമിഴ്‌നാട്ടിൽ ഡി.എം.കെക്ക് വേണ്ടിയും പ്രശാന്ത് കിഷോറാണ് പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുക.