Sorry, you need to enable JavaScript to visit this website.

2000 കി.മീ നടന്ന് നാട്ടിലെത്തിയ 23കാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം

ലഖ്‌നൗ- ലോക്ക്ഡൗണില്‍ ബംഗളുരുവില്‍ നിന്ന് രണ്ടായിരം കി.മീ നടന്ന് നാട്ടിലെത്തിയ യുവാവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ദനേപൂര്‍ ഗ്രാമവാസിയായ സല്‍മാന്‍ഖാന്‍ എന്ന 23കാരനാണ് ബംഗളുരുവില്‍ നിന്ന് ഇത്രയും ദൂരം കാല്‍നടയായി വീട്ടിലെത്തിയത്.

എന്നാല്‍ വീട്ടിലെത്തി വെറും മൂന്ന് മണിക്കൂറിന് ശേഷം കൈയ്യും കാലും കഴുകാനായി പാടത്തേക്കിറങ്ങിയ സല്‍മാന്‍ഖാനെ പാമ്പ് കടിക്കുകയായിരുന്നു. മെയ് 26നാണ് അദ്ദേഹത്തെ പാമ്പുകടിച്ചത്. തന്റെ മകന്റെ പെട്ടെന്നുള്ള മരണം മുമ്പില്‍ കണ്ടതോടെ ഷോക്കിലായ മാതാവ് രുക്‌സാനയെ ആരോഗ്യനില വഷളായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാവപ്പെട്ട കുടുംബം ഇവരുടെ ആശുപത്രി ബില്ല് പോലും അടക്കാനാകാതെ ദുരിതത്തിലാണെന്നാണ് വിവരം.  കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സല്‍മാന്‍ നല്ലൊരു ജോലി തേടി ട്രെയിനില്‍ ബംഗളുരുവിലെത്തിയത്.ഗോണ്ടയിലെ മറ്റ് സുഹൃത്തുക്കളും ബംഗളുരുവില്‍ കെട്ടിടനിര്‍മാണ ജോലിക്കായി സല്‍മാനൊപ്പമുണ്ടായിരുന്നു.

ലോക്ക്ഡൗണ്‍ അനന്തമായി നീട്ടിയതോടെ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് മെയ് 12ന് സല്‍മാന്‍ അടങ്ങുന്ന പതിനൊന്ന് പേര്‍ വീടുകളിലേക്ക് കാല്‍നടയായി യാത്ര തിരിച്ചത്.പോലിസിന്റെ കണ്ണുവെട്ടിച്ച്  അതിസാഹസികമായി തുംഗഭദ്ര നദി കടന്നാണ് ഇവര്‍  മെയ് 26 ഓടെ നാട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ സല്‍മാന്‍ അന്ന് തന്നെ പാമ്പുകടിയേറ്റ് മരിക്കുകയായിരുന്നു.
 

Latest News