വിവേകാനന്ദപ്പാറ സന്ദർശിക്കാൻ ഇനി അത്യാധുനിക ബോട്ട്

താമ്രപർണി ബോട്ട്

കന്യാകുമാരിയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ വിവേകാനന്ദപ്പാറയിലെ സ്മാരകം സന്ദർശിക്കുന്നതിന് ഇനി അത്യാധുനിക ബോട്ട്. 4 കോടി രൂപ ചെലവിൽ ശീതീകരണ സൗകര്യങ്ങളോടെ ഗോവയിൽ നിർമിച്ച പുതിയ ബോട്ട് കഴിഞ്ഞ ദിവസം കന്യാകുമാരിയിലെത്തി. തമിഴ്‌നാട് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള പൂംപുകാർ ഷിപ്പിങ് കോർപറേഷന്റെ എം.എൽ ഗുഹൻ, എം.എൽ പൊതിഗൈ, എം.എൽ വിവേകാനന്ദ തുടങ്ങിയ 3 ബോട്ടുകളിലായാണ് നിലവിൽ വിവേകാനന്ദ സ്മാരകം, തിരുവള്ളുവർ പ്രതിമ എന്നിവ കാണുന്നതിന് സന്ദർശകരെ കൊണ്ടുപോകുന്നത്.
ഗോവയിൽ പണിത ആദ്യ ബോട്ടാണ് കഴിഞ്ഞ ദിവസം കന്യാകുമാരിയിലെത്തിത്. 75 പേർക്കിരിക്കാവുന്ന പുതിയ ബോട്ടിന് താമ്രപർണി എന്നാണ് പേര് നൽകിയിട്ടുള്ളത്.


നവംബർ, ഡിസംബർ, ജനുവരി മാസങ്ങൾ, മധ്യവേനലവധി പോലുള്ള സീസൺ സമയങ്ങളിൽ സ്മാരകം സന്ദർശിക്കുന്നതിന് വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആ സമയത്ത് ബോട്ടിൽ പോകാനായുള്ള സന്ദർശകരുടെ നീണ്ട നിര പലപ്പോഴും റോഡ് വരെ എത്താറുണ്ട്. കൂടുതൽ ബോട്ടുകൾ അനുവദിക്കണമെന്ന വിനോദ സഞ്ചാരികളുടെ ആവശ്യത്തെത്തുടർന്ന് 8.25 കോടി രൂപ ചെലവിൽ 2 പുതിയ ബോട്ടുകൾ വാങ്ങാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. കോവിഡ് കഴിഞ്ഞ് വിനോദ സഞ്ചാര മേഖല ശക്തമാകുന്നതോടെ പുതിയ ബോട്ട് സർവീസ് ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
 

Latest News