തിരുവനന്തപുരം- സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ ക്ലാസെടുത്ത അധ്യാപികമാരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരളാ പോലിസ്. ഫേസ്ബുക്ക് പേജിലൂടെയാണ് വകുപ്പ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ മുതല്‍ ആരംഭിച്ച അധ്യായന വര്‍ഷത്തില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ബദല്‍ വിദ്യാഭ്യാസ രീതിയാണ് പിന്‍തുടരുന്നത്. അധ്യാപക സമൂഹത്തെയും ബദല്‍ വിദ്യാഭ്യാസ രീതിയെയും അവഹേളിക്കുന്ന നടപടികള്‍ ഭൂഷണമല്ല. നമ്മുടെ കുട്ടികള്‍ ഇതൊക്കെ കാണുന്നുണ്ടെന്ന ബോധ്യം എല്ലാവര്‍ക്കും വേണം.
ക്ലാസെടുക്കുന്ന അധ്യാപിക,അധ്യാപകന്മാരുടെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ സാമൂഹ്യവിരുദ്ധര്‍ ദുരുപയോഗം ചെയ്യുന്നത് സൈബര്‍ വിങ്ങിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരക്കാര്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കേരളാ പോലിസ് അറിയിച്ചു.ഇന്നലെ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി ക്ലാസുകള്‍ ആരംഭിച്ച അധ്യാപികമാരുടെ ഫോട്ടോകളും വീഡിയോകളും ദുരുപയോഗം ചെയ്ത് അശ്ലീല പോസ്റ്റുകളും കമന്റുകളുമൊക്കെ ഒരു വിഭാഗം ഫേസ്ബുക്ക് പേജുകളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരക്കാര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലിസ് വ്യക്തമാക്കിയത്.