ന്യൂദല്‍ഹി-കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്റെ മാതാവിന് കോവിഡ് സ്ഥിരീകരിച്ചു. മാതാവ് രസീനയുടെ ആരോഗ്യ നില തൃപ്തികരമണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വൃക്കയിലെ അണുബാധയെ തുടര്‍ന്ന് മുംബൈ ചെമ്പുരിലെ സുരാന ആശുപത്രിയില്‍ ികിത്സയിലായിരുന്ന വാജിദ് തിങ്കളാഴ്ചയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. തുടര്‍ന്ന് വാജിദിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മാതാവ് രസീനയെ പരിശോധനക്ക് വിധേയമാക്കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിലെ മറ്റു കോവിഡ് രോഗികേളാടും രസീന സമ്പര്‍ക്കം പുലര്‍ത്തിയതായാണ് വിവരം. കുറച്ചുമാസം മുമ്പ് വൃക്ക മാറ്റിവെച്ച ശേഷം അണുബാധ ഏറ്റതിനാല്‍ ചികിത്സയിലായിരുന്ന വാജിദ് കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിലായിരുന്നു. സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകള്‍ക്ക് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ സിനിമകളിലെ ഗാനങ്ങളിലൂടെയാണ് ഇരുവരും ശ്രദ്ധേയരായത്. സല്‍മാന്‍ ഖാന്‍ റമദാനില്‍ പുറത്തിറക്കിയ 'ഭായിഭായി', ലോക്ഡൗണില്‍ പുറത്തിറക്കിയ 'പ്യാര്‍ കരോന' എന്നീ ഗാനങ്ങളിലും വാജിദ് പങ്കാളിയായിരുന്നു.