ന്യൂദല്‍ഹി-അറബിക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം ഉച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നിസര്‍ഗ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് അര്‍ധരാത്രിയോടെ തീവ്ര ചുഴലിയായി ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ റായ്ഗഡിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയില്‍ കാറ്റ് തീരം തൊടുമെന്നാണ് പ്രവചനം. 125 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. മത്സ്യബന്ധനം വിലക്കി ബോട്ടുകള്‍ തിരികെ വിളിച്ചു. കടലില്‍ താപനില ഉയരുന്നതിനാല്‍ ചുഴലിക്കാറ്റിനു മുന്നോടിയായി ശക്തമായ മഴയും പ്രതീക്ഷിക്കുന്നു.
ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി വിന്യസിച്ചു. തീരങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. മുബൈ, താനെ, പാല്‍ഘര്‍, റായ്ഗഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും നാളെ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കയാണ്.