Sorry, you need to enable JavaScript to visit this website.

ഗുര്‍മീത് റാം റഹീമിനു പിന്നാലെ ആള്‍ദൈവം ഫലാഹാരി ബാബയും അറസ്റ്റില്‍

ജയ്പുര്‍- വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിമിനു പിന്നാലെ   രാജസ്ഥാനില്‍ മറ്റൊരു ആള്‍ദൈവം കൂടി പീഡനക്കേസില്‍ അറസ്റ്റില്‍. ആള്‍വാറില്‍ നിന്നുള്ള എഴുപതുകാരനായ ഫലാഹാരി ബാബയെന്ന സ്വാമി കൗശലേന്ദ്ര പ്രപന്നാചാര്യ ഫലാഹാരി മഹാരാജാണ് അറസ്റ്റിലായത്. ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ഛത്തീസ്ഗഡില്‍ നിന്നുള്ള 21 കാരി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഓഗസ്റ്റ് ഏഴിനു ബാബയുടെ ദിവ്യധാം ആശ്രമത്തിലാണു സംഭവം.
25 വര്‍ഷമായി പഴങ്ങള്‍ മാത്രം കഴിച്ചാണ് ജീവിക്കുന്നതെന്ന വെളിപ്പെടുത്തലാണ് സ്വാമിക്ക് 'ഫലാഹാരി ബാബ' എന്ന വിളിപ്പേരു സമ്മാനിച്ചത്.
അറസ്റ്റ് ഒഴിവാക്കാന്‍ ഇയാള്‍ ആശുപത്രിയില്‍ അഭയംതേടിയിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
 യുവതിയുടെ മാതാപിതാക്കള്‍ 15 വര്‍ഷത്തിലേറെയായി ബാബയുടെ അനുയായികളാണ്. ബാബ ഇവരുടെ വീട്ടില്‍  തങ്ങുകയും ചെയ്തിട്ടുണ്ട്. നിയമവിദ്യാര്‍ഥിനിയായ യുവതിക്ക് ഇന്റേണ്‍ഷിപ് കാലത്ത് ആദ്യ പ്രതിഫലമായി ലഭിച്ച 3,000 രൂപ ബാബയ്ക്കു സമര്‍പ്പിക്കുന്നതിനായാണ് ഓഗസ്റ്റ് ഏഴിന് ആശ്രമത്തിലെത്തിയത്. അന്നു ഗ്രഹണ ദിവസമായതിനാല്‍ ബാബ ആരെയും മുഖംകാണിക്കില്ലെന്നും അതിനാല്‍ ആശ്രമത്തില്‍ തങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു വൈകുന്നേരം മുറിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
ബാബയുടെ ഇടപെടല്‍ മൂലമാണു ദല്‍ഹിയില്‍ യുവതിക്ക് ഇന്റേണ്‍ഷിപ് സൗകര്യം ലഭിച്ചത്. പുറത്തു പറയരുതെന്നു ഭീഷണിയുണ്ടായിരുന്നുവെങ്കിലും ഗുര്‍മീത് റാം റഹിം സിങ് ജയിലിലായതോടെ പരാതിയുമായി പോലീസിനെ സമീപിക്കാന്‍ യുവതിയും കുടുംബവും തീരുമാനിക്കുകയായിരുന്നു. യുവതിയും മാതാപിതാക്കളും ഛത്തീസ്ഗഡ് ഡിജിപി എ.എന്‍.ഉപാധ്യയെ കണ്ടിരുന്നു. തുടര്‍ന്ന് ബിലാസ്പുര്‍ പോലീസാണ് കേസെടുത്തത്. 
 

Latest News